കൊച്ചി: സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി പദ്ധതിക്കെതിരെയുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കവെ ഹർജിക്കാരന് നേരെ ചോദ്യശരങ്ങളുമായി ഹൈക്കോടതി. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള കേവലമൊരു തിരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമായിരുന്നു ഈ പദ്ധതിയെന്ന് ഹർജിക്കാരൻ വാദിച്ചപ്പോൾ, അതിനെ “നൽകിയ വാക്ക് പാലിച്ചതായി കണ്ടുകൂടേ” എന്ന് കോടതി തിരിച്ചുചോദിച്ചു. പദ്ധതി നിർത്തണമെന്ന് ആവശ്യപ്പെടാൻ എങ്ങനെ സാധിക്കുമെന്നും കോടതി ആരാഞ്ഞു.

പുരുഷന്മാരെയും സ്ത്രീകളെയും കേവലം ലിംഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വേർതിരിക്കുന്നത് ഭരണഘടനാ വിരുദ്ധവും ഏകപക്ഷീയവുമാണ്. ഉയർന്ന ശമ്പളം വാങ്ങുന്ന ഒരു സ്ത്രീക്ക് സൗജന്യ യാത്ര ലഭിക്കുമ്പോൾ, തുച്ഛമായ ദിവസവേതനം മാത്രം വാങ്ങുന്ന ഒരു പുരുഷൻ ടിക്കറ്റ് എടുക്കേണ്ടി വരുന്നത് ഭരണഘടനാ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. വരുമാന പരിധിയോ, താമസ യോഗ്യതയോ, കൃത്യമായ ക്ഷേമ ലക്ഷ്യമോ ഇല്ലാതെയാണ് ഈ ആനുകൂല്യം വകമാറ്റുന്നത്.

കർണാടക, തമിഴ്‌നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിലും സമാനമായ രീതിയിൽ ഈ പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ ശാക്തികരണമാണ് ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഹർജിയിൽ വിശദമായ വാദം പൂർത്തിയാക്കിയ ഹൈക്കോടതി, വിഷയം കൂടുതൽ പരിശോധനകൾക്കായി വിധി പറയാൻ മാറ്റിവെച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *