കോട്ടയം: സംസ്ഥാനത്ത് കനത്ത ജാഗ്രതയ്ക്ക് കാരണമായ എബോള ഭീതി ഒഴിഞ്ഞു. സൗത്ത് സുഡാനിൽ നിന്ന് കേരളത്തിൽ എത്തിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിലായിരുന്ന സ്ത്രീയുടെ എബോള പരിശോധനാഫലം നെഗറ്റീവായി. പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ച രക്തസാമ്പിളുകളുടെ പരിശോധനാഫലം പുറത്തുവന്നതോടെയാണ് ആശങ്കകൾക്ക് വിരാമമായത്. ഫലം നെഗറ്റീവായതിനെ തുടർന്ന് യുവതിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു.

എന്നാൽ, എബോള ഭീതി ഒഴിഞ്ഞെങ്കിലും സംസ്ഥാനത്ത് മറ്റ് പകർച്ചവ്യാധി വ്യാപനം അതീവ ഗുരുതരമായി തുടരുകയാണ്. സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ അതിവേഗം പടരുകയാണ്. ആരോഗ്യവകുപ്പ് പുറത്തുവിട്ട ഒടുവിലത്തെ കണക്കുകൾ പ്രകാരം ഇന്നലെ മാത്രം സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ പനി ബാധിച്ച് ചികിത്സ തേടിയത് 13,539 പേരാണ്. പനി ബാധിതർ ഏറ്റവും കൂടുതലുള്ളത് മലപ്പുറം ജില്ലയിലാണ്. ഇന്നലെ മാത്രം 2,734 പേർ ഇവിടെ ചികിത്സ തേടി. കോഴിക്കോട് മാവൂർ സ്വദേശിനി സുനിത (48) പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു.

21 പേര്‍ക്ക് എലിപ്പനിയും നാലുപേര്‍ക്ക് മലേറിയയും 10 പേര്‍ക്ക് ഷിഗെല്ലയും സ്ഥിരീകരിച്ചു. 39 പേര്‍ക്ക് മഞ്ഞപ്പിത്തം, 109 ചിക്കന്‍പോക്സ്, മൂന്ന് പേര്‍ക്ക് ചിക്കന്‍ഗുനിയ. ഇവ കൂടാതെ സംസ്ഥാനത്ത് ഒരാൾക്ക് അമീബിക് മസ്തിഷ്‌ക ജ്വരവും, ഒരാൾക്ക് പേവിഷബാധയും, ഒരാൾക്ക് ചെള്ളുപനിയും ഇന്നലെ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്ത മൂന്ന് മരണങ്ങൾ എലിപ്പനി, പേവിഷബാധ, ചെള്ളുപനി എന്നിവ മൂലമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *