തിരുവനന്തപുരം: സംസ്ഥാനത്തെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളിലെ പാളിച്ചകൾ ഉന്നയിച്ച് നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ നിരകൾ തമ്മിൽ കടുത്ത വാദപ്രതിവാദം. മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തെ ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളെ “റീൽസ് പിടുത്തവും വീണ മീട്ടലും” എന്ന് വിശേഷിപ്പിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ പരിഹസിച്ചപ്പോൾ, ലോകം അംഗീകരിച്ച കേരള മോഡൽ യു.ഡി.എഫ് സർക്കാർ തകർക്കുകയാണെന്ന് പ്രതിപക്ഷാംഗം പി.എ. മുഹമ്മദ് റിയാസ് തിരിച്ചടിച്ചു.

ഷിഗെല്ല, നിപ, എബോള, കുരങ്ങുപനി തുടങ്ങിയ മാരക രോഗങ്ങൾ പടർന്നുപിടിക്കുന്നത് തടയുന്നതിൽ തദ്ദേശ-ആരോഗ്യ വകുപ്പുകൾ പൂർണ്ണമായി പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. പ്രതിപക്ഷത്തിന്റെ നോട്ടീസിലെ വിവരങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമാക്കിക്കൊണ്ട് ആരോഗ്യമന്ത്രി കെ. മുരളീധരൻ സഭയിൽ മറുപടി നൽകി. സുഡാനിൽ നിന്നെത്തി കോട്ടയത്ത് നിരീക്ഷണത്തിലുണ്ടായിരുന്ന യുവതിക്ക് എബോള സ്ഥിരീകരിച്ചിട്ടില്ലെന്നും ഇന്ത്യയിൽ ഒരിടത്തും നിലവിൽ എബോള റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി തിരുത്തി. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ വരാതിരിക്കാനുള്ള മുൻകരുതലുകൾക്കാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. ഡെങ്കിപ്പനി പ്രതിരോധത്തിനായി വിദ്യാലയങ്ങളിൽ വെള്ളിയാഴ്ചയും, സർക്കാർ ഓഫീസുകളിൽ ശനിയാഴ്ചയും, വീടുകളിൽ ഞായറാഴ്ചയും ‘ഡ്രൈ ഡേ’ ആചരിക്കാൻ കലണ്ടർ പുറത്തിറക്കിയിട്ടുണ്ട്.

മുൻ സർക്കാരിനെപ്പോലെ രോഗവിവരങ്ങൾ മറച്ചുവെച്ച് ‘എല്ലാം ശരിയാണ്’ എന്ന് പറയുന്ന നയം ഈ സർക്കാരിനില്ല. ഹോട്ടലുകളിലും കുടിവെള്ള സ്രോതസ്സുകളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജുകളുടെ ഭാരം കുറയ്ക്കാൻ പ്രാദേശിക ആശുപത്രികളെ ശക്തിപ്പെടുത്തുമെന്നും മന്ത്രി ഉറപ്പുനൽകി. സർക്കാരിന്റെ ആദ്യ 35 ദിവസത്തെ പ്രവർത്തനം കൊണ്ട് തന്നെ ഭരണത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് വ്യക്തമായിട്ടുണ്ടെന്ന് മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. “മുൻപ് ‘എരണം കെട്ടവൻ നാടുഭരിച്ചാൽ രോഗം പടരും’ എന്ന് പറഞ്ഞത് ഇപ്പോഴത്തെ ആരോഗ്യമന്ത്രിയാണ്. എന്നാൽ ഇടതുപക്ഷത്തിന് ആ കാഴ്ചപ്പാടില്ല. രോഗപ്പകർച്ചയിൽ ഞങ്ങൾ മുഖ്യമന്ത്രിയെ അധിക്ഷേപിക്കില്ല. യു.ഡി.എഫ് സർക്കാർ വന്നതോടെ ആരോഗ്യ മേഖലയിലെ വിഖ്യാതമായ ‘കേരള മോഡൽ’ പൂർണ്ണമായി കൈവിട്ടിരിക്കുകയാണ്. ആരോഗ്യവകുപ്പിൽ നിലവിൽ യാതൊരു ഏകോപനവുമില്ല. ഭരണകക്ഷിയിലുള്ളവർ ഉദ്യോഗസ്ഥരെ മാറ്റുന്ന തിരക്കിലാണ്. ഡി.എച്ച്.എസ് ആസ്ഥാനത്ത് ‘അയാൾ കഥ എഴുതുകയാണ്’ സിനിമയിലെപ്പോലെ കസേരകളിയാണ് നടക്കുന്നത്.

കോഴിക്കോട്ട് നിപ റിപ്പോർട്ട് ചെയ്ത് അഞ്ചാം ദിവസമാണ് മരുന്ന് എത്തിച്ചതെന്നും മുൻ സർക്കാരിന്റെ കാലത്ത് ജനപ്രതിനിധികളെ വിളിച്ച് ചേർത്തതുപോലുള്ള കൂട്ടായ പ്രവർത്തനങ്ങൾ ഇപ്പോൾ നടക്കുന്നില്ലെന്നും റിയാസ് ആരോപിച്ചു. ശബരിമല ഡ്യൂട്ടിക്ക് ഡോക്ടർമാരെ നൽകാൻ കഴിയില്ലെന്ന് പറഞ്ഞ ആരോഗ്യവകുപ്പ് നിലപാട് സർക്കാരിന്റെ കഴിവുകേടാണെന്നും, ആരോഗ്യമന്ത്രിയുടെ ഓഫീസിൽ നിപയേക്കാൾ ഭയപ്പെടേണ്ട ഒരു ഉദ്യോഗസ്ഥനുണ്ടെന്നും റിയാസ് കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തിന്റെ കടുത്ത രാഷ്ട്രീയ ആക്രമണത്തിന് കൃത്യമായ ഭാഷയിലാണ് ആരോഗ്യമന്ത്രി കെ. മുരളീധരൻ മറുപടി നൽകിയത്. കഴിഞ്ഞ അഞ്ചുവർഷക്കാലം ആരോഗ്യവകുപ്പ് കാര്യക്ഷമമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പകരം സോഷ്യൽ മീഡിയ റീൽസുകളിലും വീണ മീട്ടലുകളിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും അതാണ് വകുപ്പ് ഇപ്പോൾ നേരിടുന്ന യഥാർത്ഥ പ്രശ്നമെന്നും മന്ത്രി പരിഹസിച്ചു. പ്രതിപക്ഷം സഭയിൽ പറയുന്നതുപോലെയുള്ള ഒരു ഭീകരാന്തരീക്ഷം സംസ്ഥാനത്ത് നിലവിലില്ലെന്നും, നിപ പ്രതിരോധ മരുന്നുകൾ മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തും വാങ്ങി സ്റ്റോക്ക് ചെയ്തിരുന്നില്ലെന്നും മന്ത്രി സഭയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *