ലഖിംപൂർ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്.ആശിഷ് മിശ്രയുടെ തോക്കില്‍ നിന്ന് വെടിയുതിര്‍ന്നുവെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്.വാഹനമിടിച്ച് കൊലപ്പെടുത്തിയതിന് പുറമെ കര്‍ഷകര്‍ക്കുനേരേ ആശിഷ് മിശ്ര വെടിവെച്ചുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനെ സാധൂകരിക്കുന്ന തെളിവുകളാണ് പുറത്തുവന്നത്. കര്‍ഷക പ്രതിഷേധത്തിന് നേരെ ആശിഷിന്റെ വാഹനം ഇടിച്ച് കയറ്റിയ സംഭവത്തില്‍ നാല് കര്‍ഷകര്‍ കൊല്ലപ്പെട്ടിരുന്നു.സംഭവം നടന്ന സ്ഥലത്ത് നിന്ന് രണ്ട് ബുള്ളറ്റുകള്‍ കണ്ടെടുത്തിരുന്നു.പ്രദേശത്ത് നിന്ന് കണ്ടെത്തിയ ബുള്ളറ്റുകള്‍ ഈ തോക്കിലുണ്ടായിരുന്നതാണെന്നും തിരിച്ചറിഞ്ഞു. എന്നാല്‍ കൂട്ടക്കൊല നടന്ന ദിവസമാണോ ഇത് ഉപയോഗിച്ചതെന്ന് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ വേണമെന്നാണ് പോലീസ് പറയുന്നത്.
കര്‍ഷകരെ വാഹനമിടിച്ചുകൊലപ്പെടുത്തുന്ന സമയത്ത് ആശിഷ് മിശ്രയും കൂട്ടാളികളും കര്‍ഷകര്‍ക്കുനേരേ വെടിവച്ചതായി ആദ്യം മുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് ആശിഷ് മിശ്രയുടെയും അങ്കിത് ദാസിന്റെയും ലൈസന്‍സുള്ള ആയുധങ്ങള്‍ ലഖിംപൂര്‍ ഖേരി പൊലിസ് പിടിച്ചെടുത്തത്. ഒക്ടോബര്‍ മൂന്നിന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ലഖിംപൂര്‍ ഖേരി സന്ദര്‍ശനത്തെച്ചൊല്ലിയുള്ള പ്രതിഷേധത്തിനിടെയാണ് കര്‍ഷകര്‍ക്കുനേരേ വാഹനം ഇടിച്ചുകയറ്റിയത്. നാല് കര്‍ഷകരും മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടെ എട്ടുപേരാണ് കൊല്ലപ്പെട്ടത്.