അദാനിയില്‍ നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കരാര്‍ ഒപ്പിട്ടുവെന്ന ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി മന്ത്രി എം.എം.മണി. അദാനിയുടെ ഒരു കമ്പനിയുമായും കെ.എസ്.ഇ.ബിയോ സര്‍ക്കാരോ കരാറുണ്ടാക്കിയിട്ടില്ലെന്ന് എം.എം.മണി പറഞ്ഞു . കേന്ദ്ര സര്‍ക്കാരിന്റെ പാരമ്പര്യേതര ഊര്‍ജ സ്ഥാപനം നല്‍കുന്ന വൈദ്യുതിയേ വാങ്ങുന്നുള്ളൂ. മറ്റൊരു കരാറുമില്ല. ചെന്നിത്തല ചുമ്മാ വിഡ്ഢിത്തരം പറഞ്ഞ് നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

വൈദ്യുതി ബോര്‍ഡ് ഉണ്ടാക്കിയ കരാറുകളുടെ എല്ലാ വിവരങ്ങളും കെഎസ്ഇബി വെബ്‌സൈറ്റിലുണ്ട്. പ്രതിപക്ഷ നേതാവ് പറയുന്ന പോലെയൊന്നും ഇവിടെ ജലവൈദ്യുതി ഉണ്ടാക്കുന്നില്ല. ചുമ്മാ കഥ അറിയാതെ ആട്ടം കാണുകയാണ്.

കേന്ദ്ര ഊര്‍ജ കോര്‍പ്പറേഷനില്‍ നിന്ന് വൈദ്യുതി ലഭിക്കുന്നുണ്ട്. അതാണ് നിജസ്ഥിതി. തെറ്റിദ്ധാരണ പരത്താന്‍ വേണ്ടി ഓരോന്ന് പറയുകയാണ്. നിയമവിരുദ്ധമായി ഉമ്മന്‍ചാണ്ടിയുടെ കാലത്താണ് കരാറുണ്ടാക്കിയത്. പത്തുവര്‍ഷത്തേക്ക് അന്നുണ്ടാക്കിയ കരാര്‍ ഇപ്പോള്‍ നഷ്ടമാണ് ഉണ്ടാക്കുന്നത്. നിയപരമായ നടപടികളിലേക്ക് പോകുന്നതിനാലും നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നതിനാലുമാണ് ഈ കരാര്‍ തങ്ങള്‍ റദ്ദാക്കാത്തതെന്നും മണി കൂട്ടിച്ചേര്‍ത്തു.

ചെന്നിത്തലയുടെ സമനില തെറ്റിയ പോലെയാണ് തോന്നുന്നത്. സ്വര്‍ണം പിടികൂടിയപ്പോള്‍ കേരള പോലീസ് കേസെടുക്കണമെന്ന് പറഞ്ഞു. സാമാന്യബുദ്ധിയുള്ളവര്‍ ഇങ്ങനെ പറയുമോ. വിമാനത്താവളം കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാണ്. കസ്റ്റംസാണ് കേസെടുക്കേണ്ടത്. പ്രളയം വന്നപ്പോള്‍ മനുഷ്യസൃഷ്ടിയാണെന്ന് പറഞ്ഞു. കോമണ്‍സെന്‍സുള്ളവര്‍ പറയുന്ന കാര്യമല്ല അതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *