മലയാള സിനിമാ താരങ്ങളുടെ സംഘടനയായ AMMAയുടെ അഡ്‌ഹോക്ക് കമ്മിറ്റി യോഗം ചേർന്നതായും, ഉടൻ തന്നെ സ്ഥിരം കമ്മിറ്റി രൂപീകരിക്കുമെന്നും അധ്യക്ഷൻ രമേശ് പിഷാരടി അറിയിച്ചു. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ, സ്ഥിരം കമ്മിറ്റിയുടെ ഭാരവാഹിത്വം താൻ ഏറ്റെടുക്കില്ലെന്ന് രമേശ് പിഷാരടി വ്യക്തമാക്കി. സംഘടനയിൽ നിന്ന് രാജിവെച്ചവരെ തിരിച്ചെത്തിക്കാൻ മമ്മൂട്ടി, മോഹൻലാൽ, ശ്വേത മേനോൻ, അൻസിബ തുടങ്ങി എല്ലാവരുമായും ചർച്ചകൾ നടത്തിയതായും അദ്ദേഹം പറഞ്ഞു.
ജൂൺ 21-ന് നടന്ന AMMAയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ അരങ്ങേറിയ നാടകീയ സംഭവങ്ങളാണ് സംഘടനയിൽ പ്രതിസന്ധിക്ക് തുടക്കമിട്ടത്. വാർഷിക റിപ്പോർട്ടും വരവ്-ചെലവ് കണക്കുകളും പാസാക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ അഭിപ്രായവ്യത്യാസങ്ങൾ വലിയ തർക്കങ്ങൾക്ക് വഴിതെളിച്ചു. ഇതേത്തുടർന്ന് പ്രസിഡന്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ എന്നിവരടങ്ങുന്ന ഭരണസമിതി രാജിവെക്കുകയായിരുന്നു. നിലവിൽ രമേശ് പിഷാരടിയുടെ നേതൃത്വത്തിലുള്ള എട്ടംഗ അഡ്‌ഹോക്ക് കമ്മിറ്റിയാണ് സംഘടനയുടെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്.
