തിരുവനന്തപുരം: ശബരിമല മേല്‍ശാന്തി നറുക്കെടുപ്പുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ നിന്നും തന്ത്രി കണ്ഠരര് രാജീവരെ ഒഴിവാക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. സ്വര്‍ണക്കൊള്ള കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സാഹചര്യത്തിലാണ് കെ. ജയകുമാര്‍ അധ്യക്ഷനായ ദേവസ്വം ബോര്‍ഡിന്റെ നടപടി. സാധാരണയായി രണ്ട് തന്ത്രിമാരാണ് മേല്‍ശാന്തി അഭിമുഖ ബോര്‍ഡില്‍ പങ്കെടുക്കാറുള്ളത്. എന്നാല്‍ നിലവിലെ പ്രത്യേക സാഹചര്യത്തില്‍ രാജീവരെ അഭിമുഖത്തിനായി വിളിക്കേണ്ടതില്ലെന്ന് ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.
അതേസമയം, തന്ത്രി സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്നും പകരം തന്റെ മകന്‍ കണ്ഠരര് ബ്രഹ്‌മദത്തനെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് കണ്ഠരര് രാജീവര് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കി. അനാരോഗ്യം കാരണം ചടങ്ങുകള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് കത്തിലെ ന്യായീകരണം. സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ ശേഷം സന്നിധാനത്ത് എത്താതിരുന്ന രാജീവര്‍, ഓഗസ്റ്റ് മുതല്‍ ചുമതലയേല്‍ക്കേണ്ട സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്.
താഴമണ്‍ മഠത്തിലെ കണ്ഠരര് മഹേഷ് മോഹനരര്‍ നിലവില്‍ തന്ത്രിസ്ഥാനം വഹിക്കുന്നുണ്ട്. ഇദ്ദേഹത്തിന് പുറമെയാണ് രാജീവരും തന്ത്രിസ്ഥാനം വഹിച്ചിരുന്നത്. എന്നാല്‍ കേസിന്റെ പശ്ചാത്തലത്തില്‍ ഉണ്ടാകാവുന്ന തിരിച്ചടികളും നിയമപ്രശ്‌നങ്ങളും മുന്നില്‍ കണ്ടാണ് തന്ത്രി സ്ഥാനത്തുനിന്ന് പിന്മാറാനും മകനെ പകരക്കാരനായി കൊണ്ടുവരാനും രാജീവര്‍ ശ്രമിക്കുന്നത്.
