ന്യൂ ഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ച് ഡൽഹി ഹൈക്കോടതിയിൽ ഹർജി. 18 ദിവസമായി തുടരുന്ന നിരാഹാരത്തെത്തുടർന്ന് വാങ്ചുക്കിന്റെ നില അതീവ ഗുരുതരമാണെന്നും, അദ്ദേഹത്തെ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം. അഭിഭാഷകൻ രാകേഷ് കുമാർ സെയ്നിയാണ് കോടതിയെ സമീപിച്ചത്.
സമരം രണ്ട് ദിവസം കൂടി തുടർന്നാൽ വാങ്ചുക്കിന്റെ ജീവൻ അപകടത്തിലായേക്കുമെന്നും ഹർജിയിൽ മുന്നറിയിപ്പുണ്ട്. വാങ്ചുക്കിന് ആവശ്യമായ വൈദ്യസഹായവും പോഷകാഹാരങ്ങളും ലഭ്യമാക്കാൻ കോടതി അടിയന്തരമായി ഇടപെടണം. ഒരു രാജ്യദ്രോഹിയെയോ ഭീകരനെയോ പോലെയാണ് സർക്കാർ അദ്ദേഹത്തെ പരിഗണിക്കുന്നതെന്ന് ഹർജിക്കാരൻ കുറ്റപ്പെടുത്തി. സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന്റെ ഭാഗമാണെന്നും, പൗരന്മാരുടെ ജീവൻ സംരക്ഷിക്കാൻ സർക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ‘കോക്രോച്ച് ജനത പാർട്ടി’ (CJP) നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ജൂൺ 28-ന് സോനം വാങ്ചുക്ക് നിരാഹാരം ആരംഭിച്ചത്. നിരാഹാരത്തെത്തുടർന്ന് വാങ്ചുക്കിന്റെ ശരീരഭാരത്തിൽ 8.5 കിലോ കുറവുണ്ടായതായി സിജെപി വ്യക്തമാക്കി. സമരം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാക്കളും സാമൂഹ്യപ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ വാങ്ചുക്കിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
