കപ്പല്‍ നിര്‍മ്മാണശാലയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം തള്ളി ടാറ്റ ഗ്രൂപ്പ്. കേരളത്തിലെ കപ്പല്‍ നിര്‍മ്മാണ പദ്ധതിയെപ്പറ്റി അറിയില്ലെന്നാണ് വിശദീകരണം. 10,000 കോടിയുടെ നിക്ഷേപം നടത്താന്‍ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദം. കേരളത്തിലെന്നല്ല ഒരിടത്തും കപ്പല്‍ നിര്‍മ്മാണ ശാല നിര്‍മ്മിക്കുന്നില്ലെന്ന് ടാറ്റ ഗ്രൂപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. ടാറ്റ ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എക്കണോമിക് ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

കപ്പല്‍ നിര്‍മാണ യൂണിറ്റ് തുടങ്ങാന്‍ കേരളത്തിലേക്ക് ടാറ്റയെത്തുന്നുവെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഈ പ്രതികരണവും ബ്ലൂംബെര്‍ഗിലെ അഭിമുഖവും കണ്ട് അമ്പരന്നു പോയെന്നാണ് ടാറ്റയിലെ ഉന്നതര്‍ പ്രതികരിച്ചിരിക്കുന്നത്.

ഒന്നുകില്‍ മുഖ്യമന്ത്രിക്ക് ലഭിച്ചത് തെറ്റായ വിവരമായിരിക്കാം, അല്ലെങ്കില്‍ എന്തെങ്കിലും റിസള്‍ട്ട് ഉടനെ കാണിക്കണമെന്ന സമ്മര്‍ദത്തിലായിരിക്കാം അദ്ദേഹമെന്നുമാണ് ടാറ്റയിലെ ഉന്നതരുടെ പ്രതികരണം. കേരളത്തില്‍ മാത്രമല്ല ഏതെങ്കിലുമൊരു ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തിലോ എവിടെയെങ്കിലുമോ ഇത്തരം പദ്ധതികളോ പ്രൊപ്പോസലുകളോ പരിഗണനയിലില്ലെന്നും ടാറ്റയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *