കാസർകോട്: നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഇടത് സർക്കാരെന്ന് വൈദ്യുത മന്ത്രി സണ്ണി ജോസഫ്. എൽഡിഎഫ് സർക്കാർ കടം വാങ്ങിയ വൈദ്യുതി മടക്കി കൊടുത്തു കൊണ്ടിരിക്കുകയാണ്. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത് അതുകൊണ്ടാണ്. കേരളത്തിൽ വൈദ്യുതി ഉപഭോഗം കൂടി. പ്രതിസന്ധി പരിഹരിക്കാൻ ശ്രമം തുടരുകയാണ്. ഇപ്പോൾ മഴ കിട്ടുന്നത് ആശ്വാസമാണ്. വൈദ്യുതി നിയന്ത്രണം പരമാവധി കുറയ്ക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് നിലവിലുള്ള വസ്തുതകൾ ജനങ്ങളെ അറിയിച്ചു കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ഉമ്മൻ ചാണ്ടി സര്ക്കാര് കൊണ്ടുവന്ന വൈദ്യുതി കരാറുകൾ റദ്ദ് ചെയ്തതും മഴയില്ലാത്തതും വൈദ്യുതി ഉപഭോഗം വർധിച്ചതും ഇന്നത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമായി. പരിഹാര നടപടികൾ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മുൻ വൈദ്യുതി മന്ത്രി എം.എം. മണി നടത്തിയ പ്രസ്താവനയോട് ഒന്നും പ്രതികരിക്കാനില്ലെന്ന് മന്ത്രി വ്യക്തമാക്കി. അദ്ദേഹം തന്നേക്കാൾ എത്രയോ ഉയർന്ന ആളാണെന്നും എന്നാൽ അദ്ദേഹത്തിന് ശിഷ്യപ്പെടാനില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
താൻ മന്ത്രിയായിട്ട് രണ്ട് മാസത്തിൽ താഴെയേ ആയിട്ടുള്ളൂവെന്നും ദീർഘകാലാടിസ്ഥാനത്തിനുള്ള പ്രശ്ന പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സോളാർ വൈദ്യുതി രാത്രി കാലങ്ങളിലേക്ക് കൂടുതലായി സ്റ്റോർ ചെയ്യാനുള്ള സംവിധാനം അടക്കം വേണമെന്നും മന്ത്രി പറഞ്ഞു. ചീമേനി ആണവനിലയം പദ്ധതിക്ക് ആവശ്യമായ ചർച്ചകൾ നടത്തുമെന്നും, ജനങ്ങളുടെ ആശങ്കകള് ചർച്ച ചെയ്യപ്പെടുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
