മലപ്പുറം: പോലീസിനെ കണ്ട് കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്നും നാല് കിലോയിലധികം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. പുറത്തൂർ ആശുപത്രി പടി സ്വദേശി മുഹമ്മദ് ഷാനിൽ (29) കൈ നിക്കര സ്വദേശി അമർജൽ കൃഷ്ണ (27) എന്നിവരെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. ബീരാഞ്ചിറ- പെരുന്തല്ലൂർ റൂട്ടിൽ പുലർച്ചെ 2.30 ഓടെ പോലീസ് പട്രോളിങ് നടത്തുന്നതിനിടെ ചെറിയ പറപ്പൂരിൽ വെച്ചാണ് സംഭവം.

വഴിയിൽ കാറിലിരിക്കുകയായിരുന്ന പ്രതികൾ പോലീസ് വാഹനം കണ്ടതോടെ പെട്ടെന്ന് ഭയന്ന് വാഹനം അതിവേഗത്തിൽ പുറകോട്ട് എടുക്കുകയായിരുന്നു. ഇതിനിടെ കാർ നിയന്ത്രണം വിട്ട് സമീപത്തെ ഫുട്പാത്തിലേക്ക് ഇടിച്ചുകയറി കുടുങ്ങി. തുടർന്ന് കാറിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസുകാർ പിന്തുടർന്ന് സാഹസികമായി പിടികൂടുകയായിരുന്നു.

വാഹനം പരിശോധിച്ചപ്പോഴാണ് 4.200 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ, ഇരുവരും സ്ഥിരമായി അയൽസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ കണ്ണികളാണെന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു. തിരൂർ സി.ഐ അനിൽകുമാർ ടി. മേപ്പള്ളി, എസ്.ഐ എൻ.ആർ. സുജിത്, എസ്.ഐ ജിഷ്ണു, സി.പി.ഒമാരായ അനന്തു, ആദർശ്, ആശിഷ് സ്റ്റീഫൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *