കണ്ണൂർ: കണ്ണൂർ ദന്തൽ കോളേജ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണത്തിൽ മുഖ്യപ്രതിയായ ഡോ. എം. കെ. റാമിനെ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി റിമാൻഡ് ചെയ്തു. നീണ്ട നാളത്തെ ഒളിവ് ജീവിതത്തിനൊടുവിൽ കർണാടകയിലെ കുടകിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതോടെയാണ് ഇയാൾ ഒളിവിൽ പോയത്.

നേരത്തെ അന്വേഷണ സംഘം ആന്ധ്രാപ്രദേശിലെ ചിറ്റൂരിലെത്തി തിരച്ചിൽ നടത്തിയെങ്കിലും ഇയാൾ അവിടെനിന്ന് കടന്നുകളയുകയായിരുന്നു. താടിവച്ച് രൂപം പൂർണ്ണമായും മാറ്റിയാണ് ഇയാൾ കുടകിൽ ഒളിവിൽ കഴിഞ്ഞിരുന്നതെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ ഏപ്രിൽ 10-നാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത്. ഡോ. എം. കെ. റാം തന്നോട് ജാതി അധിക്ഷേപവും കടുത്ത മാനസിക പീഡനവും നടത്താറുണ്ടെന്ന് നിതിൻ മരണത്തിന് മുൻപ് കുടുംബത്തോട് വെളിപ്പെടുത്തിയിരുന്നു. മറ്റ് വിദ്യാർത്ഥികളും ഡോ. റാമിനും രണ്ടാമത്തെ പ്രതിയായ ഡോ. സംഗീത നമ്പ്യാർക്കുമെതിരെ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഇരു അധ്യാപകരെയും കോളേജ് മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *