ആലപ്പുഴ: കേരള രാഷ്ട്രീയത്തിലെ അതികായന്‍ വി എസ് അച്യുതാനന്ദന്‍ വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, പുരോഗമന കേരളത്തെ പരുവപ്പെടുത്തിയ സമര പോരാട്ടങ്ങളുടെ മുന്നണിപ്പോരാളി, അവസാന ശ്വാസം വരെ കര്‍മനിരതനായ കമ്യൂണിസ്റ്റ്- എന്നിങ്ങനെ വി.എസ് മലയാളികളുടെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം സമാനതകളില്ലാത്തതാണ്.
പോരാട്ടമെന്ന വാക്കിന്റെ ആള്‍രൂപമായിരുന്നു വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി എസ് അച്യുതാനന്ദന്‍. ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍ വി എസ് എന്ന രണ്ടക്ഷരം വെറുമൊരു പേരായിരുന്നില്ല- ചൂഷണങ്ങള്‍ക്കും അസമത്വങ്ങള്‍ക്കെതിരെയുമുള്ള ഒരു ഇടിമുഴക്കമായിരുന്നു. മലയാളിയുടെ മനസ്സില്‍ വിപ്ലവവീര്യത്തിന്റെ ചെങ്കനലായി വി എസ് ഇന്നും ജ്വലിച്ചുനില്‍ക്കുന്നു.
പുന്നപ്ര വയലാറില്‍ തുടങ്ങി സൂര്യനെല്ലിയിലേയും മൂന്നാറിലേയും വന്‍മലകളില്‍ തട്ടിയ ആ മുദ്രാവാക്യം പ്ലാച്ചിമടയിലെ പൊരിയുന്ന വെയിലത്തും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായുള്ള പോരാട്ടത്തിലും മുഴങ്ങിക്കേട്ടു. വി.എസ് എത്തുന്നിടത്തെല്ലാം ജനം തിങ്ങിക്കൂടി. അവസാന ശ്വാസം വരെ കര്‍മനിരതനായിരുന്നു ആ കമ്യൂണിസ്റ്റ്. അടുത്തൊരു നൂറ്റാണ്ടിന് കൂടി കരുത്ത് പകര്‍ന്നാണ് ഒരു നൂറ്റാണ്ടോളം നീണ്ട ആ സമര്‍പ്പിത ജീവിതത്തിന് അന്ത്യമായത്.
വിപുലമായ പരിപാടികളോടെയാണ് സി.പി.എം സംസ്ഥാനത്തുടനീളം അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിന്റെ സമരമുഖങ്ങളിൽ എന്നും മുന്നിലുണ്ടായിരുന്ന ആ സഖാവിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കാൻ ആയിരങ്ങളാണ് പുന്നപ്രയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
ആലപ്പുഴ പുന്നപ്രയിലെ വലിയ ചുടുകാട്ടിൽ വി.എസിന്റെ സ്മരണാർത്ഥം നിർമ്മിച്ച സ്തൂപത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ പുഷ്പാർച്ചന നടക്കും. തുടർന്ന് വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന പൊതുസമ്മേളനവും വൻ പ്രകടനവും പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി പുന്നപ്രയിലെ വിഎസിന്റെ കുടുംബവീടായ വേലിക്കകത്ത് വീട്ടിൽ അദ്ദേഹത്തിന്റെ അർധകായ പ്രതിമയും ഔദ്യോഗികമായി അനാച്ഛാദനം ചെയ്യും. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച ആ സമരനായകന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കാൻ രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.
