സിക്കിമിലെ നാംചി ജില്ലയിലുള്ള ടീസ്റ്റ സ്റ്റേജ് VI ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി ഉയര്‍ന്നു. ബുധനാഴ്ച രാത്രിയോടെ ഒമ്പത് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാണാതായ ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. ഇതില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു. കോട്ടയം പാമ്പാടി കൂരോത്തുപറമ്പില്‍ അനീഷ് മോഹന്‍ (43) ആണ് അപകടത്തില്‍പ്പെട്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള നാഷനല്‍ ഹൈഡ്രോ പവര്‍ കോര്‍പറേഷന്‍ (എന്‍എച്ച്പിസി) സിക്കിം യൂണിറ്റിന്റെ മാനേജരാണ് അനീഷ്.

സമര്‍ദുങ്ങില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഹെഡ് റേസ് ടണലിനുള്ളില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന മീഥെയ്ന്‍ വാതകം പൊട്ടിത്തെറിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് കരുതപ്പെടുന്നു. സ്‌ഫോടനത്തെത്തുടര്‍ന്ന് തുരങ്കത്തിനുള്ളില്‍ വിഷവാതകവും കനത്ത പുകയും നിറഞ്ഞത് സ്ഥിതി സങ്കീര്‍ണ്ണമാക്കി. അപകടസമയത്ത് 27 തൊഴിലാളികളാണ് തുരങ്കത്തിനുള്ളില്‍ ഉണ്ടായിരുന്നത്. ഇതില്‍ 21 പേര്‍ കരാര്‍ കമ്പനിയായ പട്ടേല്‍ എന്‍ജിനീയറിംഗിലെ ജീവനക്കാരും ആറ് പേര്‍ എന്‍.എച്ച്.പി.സി ഉദ്യോഗസ്ഥരുമാണ്.

നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ് (NDRF), എസ്.ഡി.ആര്‍.എഫ് (SDRF), ജില്ലാ പോലീസ്, ഫയര്‍ സര്‍വീസ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള പ്രത്യേക സംഘവും അസന്‍സോളില്‍ നിന്നുള്ള ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്സ് ലിമിറ്റഡ് (ECL) സംഘവും തെരച്ചിലില്‍ പങ്കുചേരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *