ന്യൂഡല്‍ഹി : സി ജെ പിയുടെ പാര്‍ലമെന്റിലേക്കുള്ള പ്രതിഷേധത്തിന് നേരെയുള്ള പൊലീസ് നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. പ്രതിഷേധത്തിന്റെ പേരില്‍ പൊലീസിന് അമിത അധികാരം പ്രയോഗിക്കാന്‍ ആകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. പൊലീസിനും കേന്ദ്ര സേനകള്‍ക്കുമെതിരെ കേസെടുക്കണമെന്ന സി ജെ പിയുടെ അടക്കം ഹര്‍ജികള്‍ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ താക്കീത്. നാളെ വിശദമായ വാദം കേള്‍ക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പെല്ലറ്റ് ഗണ്‍ പ്രയോഗിച്ചത് ഒരു ജവാനാണെന്ന് ഇതിനിടെ സി ആര്‍ പി എഫ് കണ്ടെത്തി. സമരക്കാര്‍ക്ക് നേരെ ഏഴ് റൗണ്ട് പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചു എന്നാണ് സി ആര്‍ പി എഫിന്റെ ആഭ്യന്തര റിപ്പോര്‍ട്ട്.

അതേസമയം സി ജെപി പാര്‍ലമെന്റ് മാര്‍ച്ചിനെ നേരിട്ടതില്‍ ഗുരുതര വീഴ്ചയെന്ന് ആര്‍ എ എഫ് ഇന്നലെ വിലയിരുത്തിയിരുന്നു. വിദ്യാര്‍ഥി പ്രതിഷേധത്തിലേക്ക് പെല്ലറ്റ് ഗണ്ണോ ഇലക്ട്രിക് ഷോക്കോ പ്രയോഗിക്കേണ്ട സാഹചര്യം സി ജെ പിയുടെ പാര്‍ലമെന്റ് മാര്‍ച്ചിലില്ലായിരുന്നുവെന്നാണ് സേനയുടെ ആഭ്യന്തര അവലോകനത്തിലെ കണ്ടെത്തല്‍. സേനാംഗങ്ങളും സ്വയം സുരക്ഷയ്ക്കുളള മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും ആര്‍ എഫ് എഫ് വിലയിരുത്തി. മാര്‍ച്ചിനെ നിയന്ത്രിക്കാന്‍ വിന്യസിച്ച ഉദ്യോഗസ്ഥര്‍ക്ക് മതിയായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയില്ലെന്നും കണ്ടെത്തലുണ്ട്. സേനാംഗങ്ങള്‍ പലരും സ്വയം സുരക്ഷയ്ക്കുള്ള മാനദണ്ഡങ്ങളും പാലിച്ചില്ല. ഇതേ തുടര്‍ന്ന് ഇനി ഒരു നിര്‍ദേശം ഉണ്ടാകുന്നത് വരെ പെല്ലറ്റ് ഗണ്‍ അടക്കം ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *