ന്യൂ ഡൽഹി: സിജെപി സമരത്തിന് നേരെയുണ്ടായ പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരുക്കേറ്റവര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ അടിയന്തരമായി ചികിത്സ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. പ്രതിഷേധിക്കുന്നവരോട് അക്രമം പാടില്ല എന്ന നിലപാടിനോടൊപ്പം തന്നെ, അസാധാരണ സാഹചര്യങ്ങളില്‍ സേനയ്ക്ക് പ്രതികരിക്കേണ്ടി വരുമെന്നും കോടതി നിരീക്ഷിച്ചു. സമരം അക്രമാസക്തമായിരുന്നില്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചെങ്കിലും, പൊലീസ് പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്ന ചട്ടങ്ങളെയും സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളെയും (SOP) കുറിച്ച് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടിക്കൊണ്ട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ച് നോട്ടീസ് അയച്ചു. പെല്ലറ്റ് പ്രയോഗത്തിന് കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരായ നടപടികളില്‍ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ പിന്തുണയുമായി സിആര്‍പിഎഫ് തലവന്‍ രംഗത്തെത്തി. ഉദ്യോഗസ്ഥരുടെ തീരുമാനങ്ങള്‍ക്കും നടപടികള്‍ക്കും താൻ പൂര്‍ണ്ണ ഉത്തരവാദിയായിരിക്കുമെന്ന് സിആര്‍പിഎഫ് മേധാവി ഗ്യാനേന്ദ്ര പ്രതാപ് സിംഗ് വ്യക്തമാക്കി. ജന്തര്‍ മന്തറിലെ പ്രതിഷേധത്തില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ എല്ലാ നിയമപരമായ നടപടിക്രമങ്ങളും പാലിച്ചാണ് ഇടപെട്ടതെന്നാണ് സേനയുടെ ആഭ്യന്തര അന്വേഷണത്തിലും കണ്ടെത്തിയിരിക്കുന്നത്.

വിദ്യാര്‍ഥികള്‍ക്കെതിരെ പെല്ലറ്റ് തോക്കുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന ഗുരുതര ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥരെ പിന്തുണച്ചുകൊണ്ട് സിആര്‍പിഎഫ് മേധാവി രംഗത്തെത്തിയിരിക്കുന്നത്. തിങ്കളാഴ്ച നടന്ന സേനയുടെ ബഹുമതിദാന ചടങ്ങില്‍ സംസാരിക്കവെ, ഉദ്യോഗസ്ഥര്‍ ഭയക്കാതെ പ്രവര്‍ത്തിക്കണമെന്നും ഏത് ഏജന്‍സി അന്വേഷിച്ചാലും ഭയപ്പെടാതെ മുന്നോട്ടുപോകണമെന്നും അദ്ദേഹം സേനാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *