ന്യൂ ഡൽഹി: പരീക്ഷാ ക്രമക്കേടുകളിൽ ശിക്ഷ കടുപ്പിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും പരീക്ഷകൾ സുതാര്യമായി നടത്തുകയാണ് വേണ്ടതെന്നും രാജ്യസഭയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പൊതുപരീക്ഷാ നിയമ ഭേദഗതി വെറും കണ്ണിൽ പൊടിയിടാനുള്ള നീക്കമാണ്. ചോദ്യപേപ്പർ ചോർത്തുന്നവർ രക്ഷപ്പെടുകയും കഠിനാധ്വാനം ചെയ്യുന്ന വിദ്യാർത്ഥികൾ ദുരിതത്തിലാവുകയുമാണ് ചെയ്യുന്നത്. പേപ്പർ ചോർച്ച എങ്ങനെ തടയുമെന്ന് നിയമത്തിൽ വ്യക്തതയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഭരണം നഷ്ടപ്പെടുമെന്ന ഭയം കൊണ്ടാണ് കേന്ദ്രസർക്കാർ ഇപ്പോൾ യുവാക്കളുടെ ആവശ്യങ്ങൾ കേൾക്കാൻ തയ്യാറാകുന്നതെന്ന് ഖാർഗെ പരിഹസിച്ചു. വിദ്യാർത്ഥികൾക്ക് നേരെ ലാത്തിച്ചാർജ് നടത്താനും കണ്ണീർവാതകവും പെല്ലറ്റ് തോക്കുകളും ഉപയോഗിക്കാനും ഉത്തരവിട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം റീലുകളെയും ഖാർഗെ സഭയിൽ വിമർശിച്ചു.

ഖാർഗെയുടെ പരാമർശങ്ങൾ സഭാ മര്യാദകൾക്ക് ചേരാത്തതാണെന്നും അവ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും ബിജെപി നേതാവ് ജെ.പി. നദ്ദ ആവശ്യപ്പെട്ടു. എന്നാൽ താൻ അൺപാർലമെന്ററിയായ ഒരു വാക്കുകളും ഉപയോഗിച്ചിട്ടില്ലെന്ന് ഖാർഗെ മറുപടി നൽകി. പ്രസംഗത്തിനിടെ കേന്ദ്ര സർക്കാരിന്റെ ഭരണരീതികളെയും പ്രധാനമന്ത്രിയെയും ഖാർഗെ രൂക്ഷമായി വിമർശിച്ചു

Leave a Reply

Your email address will not be published. Required fields are marked *