കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസില്‍ നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണം എന്ന നിര്‍ദേശവുമായി ഹൈക്കോടതി. വിചാരണക്കോടതിക്കാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്കാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. അഭിമന്യുവിന്റെ അമ്മ ഭൂപതിയുടെ ഹര്‍ജിയിലാണ് നിര്‍ദ്ദേശം. ഇനി സമയപരിധി നീട്ടി നല്‍കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ പ്രതികള്‍ക്കെതിരെ ഐപിസി 323 ചുമത്തണമെന്നാവശ്യപ്പെട്ട് നേരത്തെ പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കിയിരുന്നു. ബോധപൂര്‍വം പരിക്കേല്‍പ്പിക്കുക എന്ന കുറ്റകൃത്യമാണ് ഐപിസി 323ന് കീഴില്‍ വരുന്നത്. അഭിമന്യുവിനെ മര്‍ദിച്ച പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതടയ്ക്കാനായിരുന്നു പ്രോസിക്യൂഷന്റെ അസാധാരണ നീക്കം. പ്രതിഭാഗത്തോട് ഇത് സംബന്ധിച്ച മറുപടി കോടതി തേടും എന്നാണ് അറിയിച്ചിരുന്നത്.

2018 ജൂലൈ രണ്ടിനായിരുന്നു മഹാരാജാസ് കോളേജില്‍ വെച്ച് അഭിമന്യു കൊലചെയ്യപ്പെടുന്നത്. ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്. പിന്നാലെ പല തവണ കേസ് വിവാദത്തിലായിരുന്നു. ഇതിലെ മുഖ്യ പ്രതിയായ സഹലിനെ പിടികൂടാത്തതില്‍ ആദ്യം വലിയ വിവാദമുയര്‍ന്നിരുന്നു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ സുപ്രധാനമായ 11 രേഖകള്‍ കാണാതായെന്നും വിവരം പുറത്തു വന്നിരുന്നു. എട്ട് വര്‍ഷം കേസിന്റെ വിചാരണ നീണ്ടു പോയതിലടക്കം വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *