മലപ്പുറം: കുറ്റിപ്പുറം ബസ് അപകടത്തിന് കാരണം വാഹനത്തിന്റെ അമിതവേഗമാണെന്ന് സ്ഥിരീകരിച്ച് മോട്ടോര്‍ വാഹന വകുപ്പിന്റെ (MVD) അന്വേഷണ റിപോര്‍ട്ട്. ഗതാഗത കമ്മീഷണര്‍ക്ക് കൈമാറിയ വിശദമായ റിപോര്‍ട്ടിലാണ് അപകടത്തിലേക്ക് നയിച്ച പ്രധാന സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്.

അപകടസ്ഥലത്തിന് സമീപം അടുത്തടുത്തായി രണ്ട് വളവുകളാണുള്ളത്. ആദ്യ വളവ് വിജയകരമായി പിന്നിട്ടെങ്കിലും രണ്ടാമത്തെ വളവിലേക്ക് അമിതവേഗത്തില്‍ പ്രവേശിച്ചപ്പോള്‍ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. സാധാരണയായി ഇത്തരം വളവുകളില്‍ അനുവദിച്ചിട്ടുള്ള പരമാവധി വേഗപരിധി മണിക്കൂറില്‍ 50 കിലോമീറ്ററാണ്. എന്നാല്‍ അപകടസമയത്ത് ബസ് ഇതിന്റെ ഇരട്ടിയിലധികം അതായത് 100 കിലോമീറ്ററിലധികം വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

അമിതവേഗത കാരണം മഴയത്ത് റോഡില്‍ രൂപപ്പെട്ട വെള്ളപ്പാളിയിലൂടെ ടയറുകള്‍ തെന്നിമാറുന്ന ‘ഹൈഡ്രോപ്ലെയിനിങ്’ പ്രതിഭാസമുണ്ടായെന്നും റിപോര്‍ട്ടിലുണ്ട്. ഇത് റോഡും ടയറും തമ്മിലുള്ള ഘര്‍ഷണം പൂര്‍ണ്ണമായി ഇല്ലാതാക്കുകയും ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് ബസ് ഡിവൈഡറില്‍ ഇടിച്ചു തകര്‍ന്നത്. ബസ് അതിവേഗതയിലായിരുന്നുവെന്ന് യാത്രക്കാരുടെ മൊഴികളും സിസിടിവി ദൃശ്യങ്ങളും വ്യക്തമാക്കുന്നുണ്ടെന്ന് റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ ജൂലൈ 26നാണ് കുറ്റിപ്പുറത്ത് ഈ ദാരുണമായ അപകടം സംഭവിക്കുന്നത്. സംഭവത്തില്‍ ഒരാള്‍ മരണപ്പെടുകയും 39 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ അപകടവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവര്‍ ഷബീറിന് പൊലിസ് വീണ്ടും ചോദ്യം ചെയ്യലിനായി നോട്ടിസ് അയച്ചിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലിസ് അന്വേഷണം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *