മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് യുവാവിന് കാണാതായ സംഭവത്തിൽ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ച് കുടുംബം. മന്ത്രി സി പി ജോൺ ചർച്ചയ്ക്ക് എത്തുമെന്ന് അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് താൽക്കാലികമായി കുത്തിയിരുപ്പ് സമരം അവസാനിപ്പിച്ചത്. ചർച്ചയിൽ മന്ത്രിയുടെ മറുപടി തൃപ്തികരമല്ലെങ്കിൽ വീണ്ടും സമരം കടുപ്പിക്കുമെന്ന് കാണാതായ ഷിജിൻ്റെ ഭാര്യ സ്റ്റിജി അറിയിച്ചു. സബ് കലക്ടർ ഒ വി ആൽഫ്രഡ് സ്ഥലത്ത് എത്തിയിരുന്നു.
അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് സ്റ്റേഷന് മുന്നിലാണ് പെരുമഴയത്ത് കുട്ടികളുൾപ്പെടെ ഇരുന്ന് പ്രതിഷേധിച്ചത്. സർക്കാർ അവഗണനയ്ക്കെതിരെയായിരുന്നു ഇവരുടെ പ്രതിഷേധം. തന്റെ ഭർത്താവിനെ കാണാതായിട്ട് എട്ട് ദിവസമായെന്നും എത്രയും പെട്ടെന്ന് തിരിച്ച് കിട്ടിയെ മതിയാകൂവെന്നുമായിരുന്നു ഷിജിന്റെ ഭാര്യയുടെ ആവശ്യം. സ്റ്റിജിയും മക്കൾ നാലുവയസ്സുകാരൻ എബ്രിനും രണ്ടുവയസ്സുകാരൻ റാഫേലും ഉൾപ്പെടെയാണ് പ്രതിഷേധിച്ചിരുന്നത്. നാലു വയസുകാരനായ എബ്രിൻ ഹൃദ്രോഗികൂടിയാണ്.
