കാസര്‍കോട്: ക്വിസ് മത്സരത്തിനായി വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ചോദ്യാവലിയില്‍ സവര്‍ക്കറെ മഹത്വ വല്‍ക്കരിക്കുന്ന ചോദ്യം വന്നതില്‍ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്. പരിപാടിക്ക് വിദ്യാഭ്യാസ വകുപ്പുമായി ബന്ധമില്ലെന്നാണ് വിശദീകരണം.
ചോദ്യാവലി തയ്യാറാക്കിയതിൽ കുൽസിത ശ്രമം നടന്നു. ചരിത്രം വളച്ചൊടിക്കാൻ ശ്രമം. പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി ഉണ്ടാകുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ കലണ്ടറില്‍ ഉള്ളതല്ല സ്വാതന്ത്ര്യദിന ക്വിസ് മത്സര പരിപാടി എന്നും മന്ത്രി പറഞ്ഞു. പ്രാദേശികമായി സംഘടിപ്പിച്ച പരിപാടിയായിരുന്നു അതെന്നും മന്ത്രി പറഞ്ഞു.
അബദ്ധം നിറഞ്ഞ ചോദ്യമാണ് വന്നത്. വൈദേശികാധിപത്യത്തിന്റെ പീഡനം ഏറ്റുവാങ്ങിയ മഹാരഥന്മാര് ഒരുപാടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഡിജിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും നടപടി ഉണ്ടാകുമെന്നും ഷംസുദ്ദീന് പറഞ്ഞു. ചില അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമം ചോദ്യകര്‍ത്താവായ അധ്യാപകന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഓരോരുത്തരുടെയും അജണ്ടകള്‍ നടപ്പിലാക്കാന്‍ ഉള്ളതല്ല വിദ്യാഭ്യാസ വകുപ്പിലെ പരിപാടികളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
