തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരിച്ച് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ദേശീയ നേതൃത്വമാണ് ഈ വിഷയത്തിൽ വ്യക്തത വരുത്തേണ്ടതെന്നും, ദേശീയഗാനം മാത്രമാണ് രാജ്യത്ത് നിർബന്ധമുള്ളതെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരം വിവാദമായതുകൊണ്ടാണ് കേരളത്തിൽ അത് പാടേണ്ടെന്ന് വെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് ഭരണകാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടതുപക്ഷം എതിർത്തത് കൊണ്ടാണ് കേരളത്തിൽ വന്ദേമാതരം പാടാത്തതെന്ന ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എം.പിയുടെ പ്രസ്താവനയ്ക്കെതിരെയും മന്ത്രി രംഗത്തെത്തി. ഇമ്മാതിരി തള്ള് തള്ളരുതെന്നായിരുന്നു എ.എ. റഹീമിന്റെ പ്രതികരണത്തോടുള്ള കെ. മുരളീധരന്റെ മറുപടി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എ.ഐ.സി.സി. ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് ഉയർന്നിരുന്നത്.

വന്ദേമാതരം ആലപിക്കുന്നതിനിടയിൽ സോണിയാ ഗാന്ധി അത് തടയാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ തത്സമയം പുറത്തുവന്നിരുന്നു. ആദ്യ രണ്ട് സ്റ്റാൻസകൾക്കു ശേഷം പ്രത്യേക മതവിഭാഗത്തിലെ ദൈവങ്ങളെ പ്രകീർത്തിക്കുന്ന വരികൾ എത്തിയപ്പോഴാണ് സോണിയാഗാന്ധി ഇടപെട്ടതെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, മല്ലികാർജുൻ ഖാർഗെയ്ക്കായി കസേര കൊണ്ടുവരാൻ ആവശ്യപ്പെടുക മാത്രമാണ് സോണിയ ചെയ്തതെന്നായിരുന്നു ജയറാം രമേശ് അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുടെ വിശദീകരണം.

വന്ദേമാതരത്തെ രാഹുൽ ഗാന്ധി അടക്കമുള്ളവർ അവഹേളിച്ചുവെന്നാരോപിച്ച് ബിജെപി നിയമനടപടികളുമായി മുന്നോട്ടുപോകാൻ നീക്കം നടത്തുന്നുണ്ട്. ദേശീയ തലത്തിലും കേരളത്തിലും ഈ വിഷയം വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *