തിരുവനന്തപുരം: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലാ വൈസ് ചാൻസലർ സിസാ തോമസിനെ വിദ്യാർത്ഥികൾ ദേഹോപദ്രവവും കയ്യേറ്റവും ചെയ്ത സംഭവത്തിൽ, സിസാ തോമസിന് പൂർണ്ണ പിന്തുണയുമായി ഗവർണർ രംഗത്ത്. ഗവർണറുടെ ആവശ്യപ്രകാരം ‘അറ്റ് ഹോം’ പരിപാടിക്കിടെ ഇരുവരും കൂടിക്കാഴ്ച നടത്തി കാര്യങ്ങൾ വിലയിരുത്തി. തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങളും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതും സിസാ തോമസ് ഗവർണറെ നേരിട്ട് അറിയിച്ചു. തുടർന്ന് സംഭവത്തിൽ രേഖാമൂലം റിപ്പോർട്ട് സമർപ്പിക്കാൻ ഗവർണർ നിർദ്ദേശിക്കുകയും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ഇതിനുപിന്നാലെയാണ് സിസാ തോമസ് മുഖ്യമന്ത്രി, ഡിജിപി, ആഭ്യന്തരമന്ത്രി എന്നിവർക്ക് ഔദ്യോഗികമായി പരാതി നൽകിയത്.

സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവിയെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി ഗവർണർ ചർച്ച നടത്തി. കുറ്റക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കർശന നടപടിയെടുക്കാനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കാനും ഡിജിപിക്ക് ഗവർണർ നിർദ്ദേശം നൽകി. ഇതുവരെയുള്ള അന്വേഷണ പുരോഗതി ഡിജിപി ഗവർണറെ അറിയിക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയായി കാലടി പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മേവിൻ, യദു കൃഷ്ണൻ, ബേസിൽ, വിജീഷ് എന്നീ നാല് എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഓഗസ്റ്റ് 13-നാണ് കാലടി സർവകലാശാലയിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറിയത്. സർവകലാശാലാ സിൻഡിക്കേറ്റ് യോഗത്തിലേക്ക് ശവമഞ്ചം അടക്കം കൊണ്ടുവന്ന പ്രവർത്തകർ വിസിയേയും സിൻഡിക്കേറ്റ് അംഗങ്ങളെയും തടഞ്ഞുവെച്ചു. സിൻഡിക്കേറ്റ് അംഗങ്ങളെ മുറിയിൽ പൂട്ടിയിട്ടെന്നും ഔദ്യോഗിക വാഹനം നശിപ്പിച്ചെന്നും സിസാ തോമസ് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം പരാതി നൽകില്ലെന്ന് നിലപാടെടുത്തുവെങ്കിലും, പ്രതിഷേധം ശക്തമായതിനെ തുടർന്ന് പിന്നീട് നിയമനടപടി സ്വീകരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *