ക്രിപ്റ്റോ കറൻസി സംബന്ധിച്ച് ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി. ക്രിപ്റ്റോ കറന്‍സി തെറ്റായ കൈകളിൽ എത്തുന്നില്ല എന്ന് ഉറപ്പാക്കാൻ ജനാധിപത്യ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് നരേന്ദ്രമോദി പറഞ്ഞു. സാങ്കേതികവിദ്യയും ഡാറ്റയും പുതിയ ആയുധങ്ങളായി മാറുകയാണെന്നും ഡാറ്റാ ഭരണത്തിനുള്ള നിയമങ്ങളിൽ ജനാധിപത്യ രാജ്യങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘കാലഘട്ടത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന മാറ്റത്തിന്റെ സമയത്താണ് നമ്മളിപ്പോഴുള്ളത്. ഡേറ്റയും സാങ്കേതിക വിദ്യയും ആയുധങ്ങളാകുകയാണ്. ഡിജിറ്റൽ യുഗം എല്ലാത്തിലും മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക മേഖലകൾ തന്നെ പുനർനിർവചിക്കപ്പെട്ടു. രാജ്യസ്നേഹം, ഭരണനിർവഹണം, അവകാശങ്ങൾ, സുരക്ഷ എന്നിവയെക്കുറിച്ചു പുതിയ ചോദ്യങ്ങളാണ് ഉയരുന്നത്. ആഗോളമത്സരം, അധികാരം, നേതൃത്വം എന്നിവയിലും മാറ്റം സംഭവിക്കുന്നു. എല്ലാ മേഖലകളിലും ഉയരുന്ന ഭീഷണികൾ നേരിടാൻ നാം തയ്യാറാകണം. ‘ മോദി പറഞ്ഞു.