സിബിഐ, ഇഡി ഡയറക്ടര്‍മാരുടെ കാലാവധി നീട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്. സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. സുപ്രീം കോടതിയുടെ ഉത്തരവിന് വിരുദ്ധമാണ് നടപടിയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ഹര്‍ജിയില്‍ ആരോപിച്ചു. രണ്ട് വര്‍ഷമായിരുന്ന ഇഡി, സിബിഐ ഡയറക്ടര്‍മാരുടെ കാലാവധിയാണ് അഞ്ച് വര്‍ഷമാക്കി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും നീക്കത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
ഇഡി ഡയറക്ടര്‍ എസ് കെ മിശ്രയുടെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ ഉത്തരവിറക്കിയിരുന്നു. അടുത്ത നവംബര്‍ വരെയാണ് കാലാവധി നീട്ടിയത്. എസ് കെ മിശ്രയുടെ സര്‍വീസ് ഈ മാസം അവസാനിരിക്കെയാണ് നടപടി. മിശ്രയുടെ സര്‍വീസ് നീട്ടരുതെന്ന സുപ്രീം കോടതി നിര്‍ദ്ദേശം മറിക്കടക്കാനാണ് കഴിഞ്ഞ ദിവസം സിബിഐ, ഇഡി ഡയറക്ടര്‍മാരുടെ കാലാവധി അഞ്ചുവര്‍ഷം വരെ നീട്ടി കേന്ദ്രം ഭേദഗതി ഇറക്കിയത്.
നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ എസ് കെ മിശ്രയുടെ കാലാവധി വീണ്ടും നീട്ടിനല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി എത്തിയിരുന്നു. ഹര്‍ജിയില്‍ വാദം കേട്ട സുപ്രീം കോടതി ഒരുവര്‍ഷം കൂടി കാലാവധി നീട്ടിനല്‍കിയ സര്‍ക്കാര്‍ തീരുമാനത്തെ അംഗീകരിച്ചെങ്കിലും വീണ്ടും നീട്ടിനല്‍കരുതെന്ന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ, ഇഡി ഡയറക്ടര്‍മാരുടെ കാലാവധി നീട്ടുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. രണ്ട് വര്‍ഷം വരെയായിരുന്നു ഡയറക്ടര്‍മാരുടെ കാലാവധി.