മലപ്പുറം: ട്രെയിനിൽ യുവതിക്ക് നേരെ പീഡനശ്രമം നടന്നെന്ന പരാതി അന്വേഷിക്കാനെത്തിയ ആർപിഎഫ് ഉദ്യോഗസ്ഥനെ പ്രതി ക്രൂരമായി മർദ്ദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശിയായ പങ്കജ് ദൊളായി എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂർ ആർപിഎഫ് എഎസ്ഐക്കാണ് ഡ്യൂട്ടിക്കിടെ മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം മലപ്പുറം തിരൂർ റെയിൽവേ സ്റ്റേഷൻ പരിധിയിലാണ് നടുക്കുന്ന സംഭവം നടന്നത്.

ട്രെയിനിലെ ശുചിമുറി ഭാഗത്തേക്ക് കൊണ്ടുപോയി യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ അവർ കുതറിമാറി രക്ഷപ്പെടുകയായിരുന്നു എന്ന് സഹയാത്രികരാണ് ആർപിഎഫ് അധികൃതരെ വിവരമറിയിച്ചത്. ഇതേത്തുടർന്ന് വിവരങ്ങൾ അന്വേഷിക്കാനും സ്ഥിതിഗതികൾ നിയന്ത്രിക്കാനുമായി എത്തിയ എഎസ്ഐക്ക് നേരെ പ്രതി അക്രമാസക്തനാവുകയും ആക്രമിക്കുകയുമായിരുന്നു.

ഉദ്യോഗസ്ഥന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ, മനപ്പൂർവ്വമുള്ള മർദ്ദനം എന്നീ കടുത്ത വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ പങ്കജിന് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. അതേസമയം, പീഡനശ്രമത്തിന് ഇരയായ യുവതി ഇതുവരെ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെന്നാണ് വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *