വയനാട്: സാങ്കേതികവിദ്യ ഇന്നത്തെ പോലെ വളർന്നിട്ടില്ലാത്ത ഒരു കാലത്ത് കോഴിക്കോട് ലൈബ്രറിക്ക് സമീപമുള്ള സ്റ്റുഡിയോയും പരിസരവും ഫോട്ടോഗ്രാഫർമാരുടെയും സംഗമകേന്ദ്രമായിരുന്നു. വൈകുന്നേരമായാൽ വിവിധ പത്രമാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന ഫോട്ടോഗ്രാഫർമാർ കിഡ്സ്ൻ കോർണറിന്സമീപമുള്ള സ്റ്റുഡിയോയിൽ ഒത്തുകൂടും. പത്രങ്ങളിലേക്ക് അയയ്ക്കാനുള്ള ചിത്രങ്ങൾ അയക്കാനുള്ള തിരക്കിലായിരിക്കും
ആ തിരക്കിനിടയിലും വ്യത്യസ്തമായ പ്രവർത്തനശൈലിയിലൂടെ ശ്രദ്ധേയനായ വ്യക്തിയായിരുന്നു അജീബ് കോമാച്ചി. അന്നുതന്നെ ഫോട്ടോഗ്രാഫിയിലെ സ്വന്തം കഴിവ് തെളിയിക്കണമെന്ന ഉറച്ച മനസ്സോടെ, താൻ പകർത്തുന്ന ചിത്രങ്ങൾ സ്വന്തം ക്യാമറയിൽ പകർത്തിയ ചിത്രങ്ങൾ തന്നെയായിരിക്കണം പത്രമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടേണ്ടതെന്നും അദ്ദേഹം നിഷ്ഠയോടെ പിന്തുടർന്നു. ആ ആത്മവിശ്വാസവും കഠിനാധ്വാനവുമാണ് ഇന്ന് കോമാച്ചി എന്ന പേരിൽ വളർന്നുനിൽക്കുന്ന സംരംഭത്തിന്റെ വിജയത്തിന് പിന്നിലെ ശക്തിയെന്ന് അനുഭവം വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം കോമാച്ചി പാർക്ക് സന്ദർശിച്ചപ്പോൾ, ഫോട്ടോഗ്രാഫിയോടുള്ള അജീബ് കോമാച്ചിയുടെ ആ പഴയ അഭിനിവേശം മറ്റൊരു തലത്തിൽ ഇവിടെ വളർന്നുവന്നിരിക്കുന്നതായി അനുഭവപ്പെട്ടു.


10 ഏക്കറിൽ വിസ്മയലോകം
ഏകദേശം 10 ഏക്കർ വിസ്തൃതിയിൽ ഒരുക്കിയിരിക്കുന്ന കോമാച്ചി പാർക്ക് ഫോട്ടോഗ്രാഫി പ്രേമികൾക്കും കുടുംബങ്ങൾക്കും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഇടമാണ്. വിവിധ ഫോട്ടോഗ്രാഫി പോയിന്റുകൾക്കൊപ്പം പ്രകൃതിയുടെ മനോഹാരിതയും വിനോദവും വിശ്രമവും ഒരുമിക്കുന്ന രീതിയിലാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്.
പാർക്കിനകത്ത് എത്തുന്നവർക്ക് മനസ്സുനിറഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ മാനസിക സമ്മർദങ്ങൾ അകന്നുപോകുന്ന തരത്തിലുള്ള അന്തരീക്ഷമാണ് അനുഭവപ്പെടുന്നത്. മനസ്സിന് ആശ്വാസവും സന്തോഷവും നൽകുന്ന ഇടമെന്ന നിലയിലും കോമാച്ചി പാർക്ക് ശ്രദ്ധേയമാണ്.

ചിറാപുഞ്ചിയുടെ മഴയും വനാനുഭവവും
കൃത്രിമമായി ഒരുക്കിയ ഫോറസ്റ്റ് റെയിൻ സിസ്റ്റം സന്ദർശകർക്ക് വ്യത്യസ്തമായ അനുഭവമാണ് നൽകുന്നത്. കാട്ടിലൂടെ സഞ്ചരിക്കുന്നതുപോലെയും ചിറാപുഞ്ചിയിലെത്തിയതുപോലെയും തോന്നിക്കുന്ന വിധത്തിൽ മഴയും കോടമഞ്ഞും നിറഞ്ഞ അന്തരീക്ഷം ഇവിടെ ഒരുക്കിയിട്ടുണ്ട്.
പാർക്കിലെ മറ്റൊരു ഭാഗത്ത് ഒഴുകിപ്പോകുന്ന വെള്ളത്തിന്റെ ശബ്ദം തന്നെ മനസ്സിന് പ്രത്യേക അനുഭൂതി നൽകുന്നു. പ്രകൃതിയോട് ചേർന്നുനിൽക്കുന്ന രീതിയിലുള്ള പാർക്കിന്റെ ഭൂമിശാസ്ത്രപരമായ ഘടനയും ഇതിന് മാറ്റുകൂട്ടുന്നു.

പക്ഷികളോടൊപ്പം സമയം ചെലവഴിക്കാം
വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ച സ്വദേശ-വിദേശ ഇനങ്ങളിലുള്ള നിരവധി പക്ഷികളെയും ഇവിടെ കാണാം. പക്ഷിക്കൂട്ടിലേക്ക് പ്രവേശിച്ച് പക്ഷികളെ അടുത്തുനിന്ന് കാണാനും അവയ്ക്ക് ഭക്ഷണം നൽകാനും സാധിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കൗതുകം പകരുന്ന അനുഭവമാണിത്.

കുട്ടികൾക്കും മുതിർന്നവർക്കും ഹാപ്പിനസ് പാർക്ക്
കുട്ടികൾക്കായി പ്രത്യേക ഏരിയയും വിവിധ റൈഡുകളും ഒരുക്കിയിട്ടുണ്ട്. മുതിർന്നവർക്കും വ്യായാമത്തിനായി ഓപ്പൺ ജിം ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്. റിലാക്സേഷൻ പോയിന്റുകൾ, സ്വിമ്മിംഗ് പൂൾ തുടങ്ങിയവയും പാർക്കിന്റെ ഭാഗമാണ്.
ഫോട്ടോഗ്രാഫി തീം പാർക്ക്, ഫോട്ടോഗ്രാഫി മ്യൂസിയം, ബേർഡ് സോൺ, ബൊട്ടാണിക്കൽ ഗാർഡൻ, ഫോട്ടോഗ്രാഫി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവയും പ്രത്യേക ആകർഷണങ്ങളാണ്.

കാശ്മീരിലും രാജസ്ഥാനിലും എത്തിയ പ്രതീതി
ഇന്ത്യൻ പാരമ്പര്യ വസ്ത്രങ്ങൾ ധരിച്ച് ഫോട്ടോ എടുക്കുന്നതിനുള്ള പ്രത്യേക സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കാശ്മീരിലോ രാജസ്ഥാനിലോ എത്തിയതുപോലുള്ള പശ്ചാത്തലത്തിൽ സൗജന്യമായി ലഭിക്കുന്ന പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് ചിത്രങ്ങൾ പകർത്താം.
അജീബ് കോമാച്ചി തന്റെ ജീവിതയാത്രയിൽ പകർത്തിയ നിരവധി ശ്രദ്ധേയ ചിത്രങ്ങളും മക്കൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ ചിത്രങ്ങളും ലോകപ്രശസ്തരായ ഫോട്ടോഗ്രാഫർ മാരുടെയും ഫോട്ടോഗ്രാഫിയും അതേപോലെ രാജ്യത്തെ വിവിധ പ്രശസ്ത ഫോട്ടോഗ്രാഫർ മാരുടെ ഫോട്ടോയും അവർ പകർത്തിയ ചിത്രങ്ങളുംപ്രദർശിപ്പിക്കുന്ന പ്രത്യേക ഫോട്ടോഗ്രാഫി മ്യൂസിയവും സന്ദർശകർക്ക് കൗതുകമാകുന്നു.

കുടുംബങ്ങൾക്കും വലിയ സംഘങ്ങൾക്കും താമസസൗകര്യം
കുടുംബമായി എത്തുന്നവർക്ക് താമസിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വലിയ സംഘങ്ങൾക്കായി 200-ലധികം പേർക്ക് ഒരേസമയം താമസിക്കാവുന്ന ഡോർമിറ്ററി സംവിധാനവുമുണ്ട്.ഫാമിലിക്ക് താമസിക്കാവുന്ന റിസോർട്ടും .
200 പേർക്ക് ഇരിക്കാവുന്ന ഇൻഡോർ ഓഡിറ്റോറിയം, ഓപ്പൺ ഓഡിറ്റോറിയം, കുടുംബങ്ങൾക്ക് പാട്ടുപാടി ആസ്വദിക്കാനുള്ള കരോക്കെ സെന്റർ തുടങ്ങിയവയും ഇവിടെയുണ്ട്.
ക്യാമ്പ് ഫയർ, സാംസ്കാരിക പരിപാടികൾ, വിവാഹച്ചടങ്ങുകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

മാജിക് മുതൽ ഓഡിയോ വിഷൻ തിയേറ്റർ വരെ
മാജിക് അനുഭവങ്ങൾ ഒരുക്കുന്ന പ്രത്യേക ഇടവും ഓഡിയോ വിഷൻ തിയേറ്ററും പാർക്കിലുണ്ട്. ഫുഡ് കോർട്ടിനൊപ്പം പ്രത്യേക റസ്റ്റോറന്റ്, സ്നാക്ക്‌സ് ആൻഡ് സൂപ്പർമാർക്കറ്റ് എന്നിവയും സന്ദർശകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നു.
ആർട്ടിസ്റ്റുകൾക്കും ഫോട്ടോഗ്രാഫർമാർക്കും പ്രത്യേകമായി ഉപയോഗിക്കാവുന്ന ഇടങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. നിരവധി പൂക്കളും ഫലവൃക്ഷങ്ങളും പൂത്തുലഞ്ഞുനിൽക്കുന്ന കാഴ്ചയും പാർക്കിന്റെ പ്രകൃതിസൗന്ദര്യം വർധിപ്പിക്കുന്നു.

സൗരോർജത്തിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി സൗഹൃദ പാർക്ക്
പരിസ്ഥിതി സൗഹൃദ ആശയങ്ങൾക്കാണ് പാർക്ക് പ്രാധാന്യം നൽകുന്നത്. സൗരോർജത്തെ അടിസ്ഥാനമാക്കിയാണ് വിവിധ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. ആയിരത്തിലധികം ചെടികളും മരങ്ങളും പാർക്കിലുണ്ട്.
ഓൾഡേജ് ഹോമുകളിൽ നിന്നുള്ളവർക്കും സ്പെഷ്യൽ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും പ്രത്യേക പരിഗണനയുണ്ട്. 80 വയസ്സിന് മുകളിലുള്ളവർ, ഭിന്നശേഷിക്കാർ, മറ്റ് പ്രത്യേക പരിഗണന അർഹിക്കുന്നവർ എന്നിവർക്ക് സൗജന്യ പ്രവേശനവും ഒരുക്കിയിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങൾ ഒഴികെയുള്ള ദിവസങ്ങളിലാണ് ഈ സൗജന്യ സൗകര്യം ലഭ്യമാക്കുന്നത്.

രാവിലെ എട്ട് മുതൽ വൈകിട്ട് ആറുവരെ
രാവിലെ എട്ട് മണി മുതൽ വൈകിട്ട് ആറു വരെയാണ് പാർക്കിന്റെ പ്രവർത്തന സമയം. ശനി, ഞായർ ദിവസങ്ങളിൽ നിരവധി സന്ദർശകരാണ് ഇവിടെ എത്തുന്നത്.
ഫോട്ടോഗ്രാഫിയെ ജീവിതത്തിന്റെ ഭാഗമാക്കിയ അജീബ് കോമാച്ചിയുടെ പഴയകാല ക്യാമറക്കണ്ണിൽ നിന്ന് വളർന്നുവന്ന ഈ സംരംഭം ഇന്ന് ഫോട്ടോഗ്രാഫി, പ്രകൃതി, വിനോദം, കുടുംബം, മാനസിക സന്തോഷം എന്നിവയെ ഒരേ കുടക്കീഴിൽ കൊണ്ടുവരുന്ന വ്യത്യസ്ത അനുഭവകേന്ദ്രമായി മാറിയിരിക്കുകയാണ്.

കണ്ണിന് കാഴ്ചകളും ക്യാമറയ്ക്ക് ഫ്രെയിമുകളും മനസ്സിന് സന്തോഷവും സമ്മാനിക്കുന്ന ഒരിടം — അതാണ് കോമാച്ചി പാർക്ക്.

1968ലാണ് അജീബ് കോമാച്ചി ജനനം. സ്റ്റുഡിയോ ഫോട്ടോഗ്രാഫർ ആയി തുടക്കം. പിന്നീട് മാധ്യമം ദിനപത്രത്തിൽ ന്യൂസ് ഫോട്ടോഗ്രാഫർ. നിരവധി സംസ്ഥാന, ദേശീയ ഫോട്ടോഗ്രാഫി അവാർഡുകൾ ലഭിച്ചു. വിവിധ വിഷയങ്ങളിലായി ഇന്ത്യക്ക് അകത്തും പുറത്തുമായി അയ്യായിരത്തിലധികം ഫോട്ടോ എക്സിബിഷനുകൾ നടത്തി. ഡോക്യൂമെന്ററിയുടെ ഭാഗമായി മുപ്പത്തി അഞ്ചോളം രാജ്യങ്ങൾ സന്ദർശിച്ചു. ടുറിസം രംഗത്തു മുതൽ കൂട്ടായി 2025 ൽ ഇന്ത്യയിൽ ആദ്യത്തെ ഫോട്ടോഗ്രാഫി തീം പാർക്കായ കോമാച്ചി പാർക്ക്‌ വയനാട് മാനന്തവാടിയിൽ ആരംഭിച്ചു. ഭാര്യ: ജസീന. മക്കൾ: അഖിൽ കോമാച്ചി, അഗിൻ കോമാച്ചി, അകിയ കോമാച്ചി.

Leave a Reply

Your email address will not be published. Required fields are marked *