കണ്ണൂര്‍: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനെതിരെ പരോക്ഷ വിമര്‍ശനവുമായി മുന്‍ സ്പീക്കറും സിപിഐഎം നേതാവുമായ എ എന്‍ ഷംസീര്‍. അദ്വൈതത്തിന് അർത്ഥം നൽകിയ ഗുരുദേവൻ പുതുമടിശീലക്കാരുടെ മടിയിൽ പിടഞ്ഞു വീണു മരിക്കുന്നുവെന്നാണ് ഷംസീർ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയത്. ശ്രീനാരായണ ഗുരുവിന്റെ ചിത്രവും പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഈ പരാമർശം നടത്തിയിരിക്കുന്നത്.
നേരത്തെ വെള്ളാപ്പള്ളി നടേശന് എഎന്‍ ഷംസീറിനെതിരെ നടത്തിയ പ്രതികരണം വിവാദമായിരുന്നു. ഷംസീറിന് കമ്മ്യൂണിസ്റ്റ് മനസല്ല, ലീഗിന്റെ മനസാണെന്നാണ് വെളളാപ്പളളി പറഞ്ഞത്. പിണറായിയെപ്പോലുളളവര്‍ ഒരുപാട് ത്യാഗം അനുഭവിച്ചാണ് അധികാര സ്ഥാനങ്ങളില്‍ എത്തിയതെന്നും, എന്നാല്‍ ഷംസീര്‍ ചുളുവിലാണ് അധികാരത്തില്‍ വന്നതെന്നും വെള്ളാപ്പള്ളി നടേശന് വിമര്‍ശിച്ചിരുന്നു. വെള്ളാപ്പള്ളിയുടെ മുൻ പരാമർശങ്ങൾക്ക് മറുപടിയായാണ് എ എൻ ഷംസീറിന്റെ ഫേസ്ബുക്ക് കുറിപ്പ് വിലയിരുത്തപ്പെടുന്നത്.
അധികാര മോഹികളായ നേതാക്കളാണ് ഇടതുപക്ഷത്തെ തുടര്‍ഭരണത്തില്‍ നിന്ന് ഇറക്കിയത്. നേതാക്കള്‍ക്ക് ധിക്കാരവും ധാര്‍ഷ്ട്യവുമാണ്. സഖാക്കള്‍ ഭരണത്തില്‍ സുഖിച്ചതുകൊണ്ടാണ് മൂന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരാഞ്ഞതെന്നും അദ്ദേഹം പ്രസ്താവന നടത്തിയിരുന്നു.
