ന്യൂ ഡൽഹി: അട്ടപ്പാടി മധു വധക്കേസിൽ ഒന്നാംപ്രതി ഹുസൈനെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി സംസ്ഥാന സർക്കാർ. ഹൈക്കോടതി തെളിവുകളും സാക്ഷിമൊഴികളും കൃത്യമായി പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രതി നടത്തിയത് ഹീനമായ കുറ്റകൃത്യമാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.
സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിങ് കോൺസെൽ അൽജോ കെ ജോസഫാണ് സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. കേസിൽ വിചാരണ കോടതി പ്രതികൾക്ക് ശിക്ഷ വിധിച്ചിരുന്നുവെങ്കിലും പിന്നീട് ഹൈക്കോടതി ഒന്നാം പ്രതി ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തനാക്കുകയായിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ സർക്കാർ നിയമപോരാട്ടം ശക്തമാക്കിയിരിക്കുന്നത്. 2018 ഫെബ്രുവരി 22-നാണ് മാനസികാസ്വാസ്ഥ്യമുള്ള ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്.
