കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പരാമർശത്തെ പരസ്യമായി പിന്തുണച്ച് ഇന്ത്യൻ നാഷണൽ ലീഗ് (ഐഎൻഎൽ). മതനേതാക്കളാണ് മതപരമായ കാര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ പറയേണ്ടതെന്നും അതിൽ തെറ്റ് കാണേണ്ടതില്ലെന്നും ഐഎൻഎൽ സംസ്ഥാന പ്രസിഡന്റും മുൻ മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി. കോഴിക്കോട് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാന്തപുരം പരസ്യമായി പത്രപ്രസ്താവന നടത്തുകയല്ല ചെയ്തതെന്നും, മറിച്ച് തന്റെ സംഘടനയ്ക്കുള്ളിൽ പാലിക്കേണ്ട ചിട്ടകളെക്കുറിച്ച് സർക്കുലർ ഇറക്കുക മാത്രമാണ് ചെയ്തതെന്നുമാണ് അഹമ്മദ് ദേവർകോവിലിന്റെ വാദം. അത് ഇഷ്ടമുള്ളവർക്ക് സ്വീകരിക്കാം, അല്ലാത്തവർക്ക് തള്ളിക്കളയാം എന്നും ജനാധിപത്യ രാജ്യത്ത് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മതനേതാക്കൾ മതപരമായ കാര്യങ്ങളും രാഷ്ട്രീയക്കാർ രാഷ്ട്രീയ കാര്യങ്ങളുമാണ് പറയേണ്ടതെന്നും, രണ്ടും തമ്മിൽ കലഹിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാന്തപുരത്തിന്റെ പ്രസ്താവനയ്ക്കെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്തെത്തിയിരുന്നു. കാന്തപുരത്തിന്റെ പരാമർശത്തെ സർക്കാർ യാതൊരു കാരണവശാലും അനുകൂലിക്കുന്നില്ലെന്നും, പത്തൊൻപതാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അദ്ദേഹം പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇസ്‌ലാമിക ചരിത്രത്തെ പോലും തെറ്റായി വ്യാഖ്യാനിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെന്നും പ്രതിവാര വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
കൊച്ചിയിൽ നടന്ന കേരള മുസ്ലിം ജമാഅത്തിന്റെ ‘ഹുബ്ബുറസൂൽ’ സമ്മേളനത്തിലായിരുന്നു സ്ത്രീകൾ പൊതുരംഗത്തിറങ്ങുന്നത് വലിയ നാശത്തിന് കാരണമാകുമെന്നും അവർ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നുമുള്ള കാന്തപുരത്തിന്റെ വിവാദ പരാമർശം. സ്ത്രീകൾ പൊതുരംഗത്തേക്ക് വരുന്നത് തടയുന്നത് അവരോടുള്ള ആദരവ് കൊണ്ടാണെന്ന അദ്ദേഹത്തിന്റെ വാദവും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
