തിരുവനന്തപുരം: ചിറയിൻകീഴിലെ കൈയാങ്കളിയിൽ വിശദീകരണവുമായി എം.എൽ.എ രമ്യ ഹരിദാസ് രംഗത്ത്. കിഴുവില്ലം ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാര്യമെന്നും, പാർട്ടി എടുത്ത ഔദ്യോഗിക നിലപാടിനൊപ്പം ഉറച്ചുനിന്നതാണ് തനിക്കെതിരായ നീക്കങ്ങൾക്ക് പിന്നിലെന്നും അവർ വ്യക്തമാക്കി. ഇതിനുശേഷമാണ് സജിത്തിന്റെ നേതൃത്വത്തിൽ വാട്സാപ്പ് വഴിയും ചായക്കടകളിൽ ഉൾപ്പെടെ തനിക്കെതിരെ മോശമായ രീതിയിൽ അപവാദ പ്രചാരണങ്ങൾ നടത്തിയത്. ഇത് സംബന്ധിച്ച് പാർട്ടിയുടെ എല്ലാ ഉന്നത നേതാക്കൾക്കും താൻ പരാതി നൽകിയിരുന്നു. എത്രയോ കാലമായി താൻ ഇത്തരം കടുത്ത സൈബർ ആക്രമണങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേർത്തു.
കോഴിക്കടയ്ക്ക് സമീപം വെച്ചാണ് സജാദിനെ കണ്ടുമുട്ടിയതെന്നും, നേതാക്കൾ ആവശ്യപ്പെട്ടതുകൊണ്ടാണ് തനിക്കെതിരെ പോസ്റ്റിട്ടതെന്ന് സജാദ് തന്നോട് സമ്മതിച്ചതായും അവർ പറഞ്ഞു. തന്നെ സജാദിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയതിന് ശേഷമുള്ള കാര്യങ്ങളെല്ലാം പൂർണ്ണമായും ആസൂത്രിതമായിരുന്നു. പെൺകുട്ടിയെ കൊണ്ട് ആരും ഒന്നും വായിപ്പിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.
അതേസമയം, വിവാദത്തിൽ ഉൾപ്പെട്ട പാളയം പ്രദീപ് തന്റെ സ്റ്റാഫാണെന്ന് വ്യക്തമാക്കിയെങ്കിലും, അദ്ദേഹം അഡിഷണൽ പി.എ ആണോ എന്ന ചോദ്യത്തിന് രമ്യ ഹരിദാസ് കൃത്യമായ മറുപടി നൽകിയില്ല. ആഭ്യന്തര വകുപ്പിൽ നിന്ന് തനിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സജാദിന്റെ വീട്ടിലേക്ക് താൻ പോയപ്പോൾ ഇവർ എവിടെ നിന്നാണ് വന്നതെന്നും, ആരെങ്കിലും അസഭ്യം പറഞ്ഞാൽ സ്വാഭാവികമായും ആരായാലും പ്രതികരിക്കില്ലേ എന്നും ചോദിച്ച അവർ, സജിത്തിനെതിരെയുള്ള തന്റെ പ്രതികരണം തികച്ചും സ്വാഭാവികമായ ഒന്നാണെന്നും പ്രതികരിച്ചു.
