കോഴിക്കോട്: പിഎം ശ്രീ പദ്ധതിയിൽ ഇതുവരെ പുതിയ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. തീരുമാനം കൈക്കൊള്ളുമ്പോൾ എല്ലാവരെയും ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് ലീഗ്, യുഡിഎഫ്, കെപിസിസി യോഗങ്ങളിൽ നിന്ന് കടുത്ത വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.
കേരളം പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി തുടരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ വീണ്ടും കത്തയച്ചതോടെയാണ് വിഷയം വീണ്ടും സജീവ ചർച്ചയായത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള ഫണ്ടുകൾ ഒഴികെയുള്ള സമഗ്ര ശിക്ഷാ കേരള (എസ്.എസ്.കെ) ഫണ്ടുകൾ ലഭിക്കണമെങ്കിൽ പദ്ധതിയുടെ ഭാഗമാകണമെന്ന് ഡൽഹിയിൽ എസ്.എസ്.കെ ഡയറക്ടറുമായുള്ള കൂടിക്കാഴ്ചയിൽ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം വീണ്ടും കത്തയച്ചത്. അതേസമയം, പിഎം ശ്രീ വിഷയത്തിൽ ലീഗിന് പിന്നാലെ കോൺഗ്രസിലും അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമായത് സർക്കാരിന് അന്തിമ തീരുമാനമെടുക്കുന്നത് കൂടുതൽ വെല്ലുവിളിയാക്കി മാറ്റിയിട്ടുണ്ട്.
പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് യൂത്ത് ലീഗ് ഇതിനോടകം ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കരുതെന്നാണ് യൂത്ത് ലീഗിന്റെ ഉറച്ച നിലപാടെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. മലപ്പുറത്ത് നടന്ന യൂത്ത് ലീഗ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് ചെയ്ത ജനങ്ങളുടെ താൽപ്പര്യങ്ങൾക്ക് എതിരായി സർക്കാർ പ്രവർത്തിച്ചാൽ യൂത്ത് ലീഗ് ശക്തമായി എതിർക്കുമെന്നും, സർക്കാർ ജനങ്ങളുടെ ഒപ്പമല്ലെങ്കിൽ ജനങ്ങൾ ഭരണകൂടത്തിന് എതിരാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മുൻ സർക്കാരിന്റെ കാലത്ത് പിഎം ശ്രീയിൽ ഒപ്പുവെച്ചപ്പോൾ യൂത്ത് ലീഗാണ് ഇതിനെ ഏറ്റവും കൂടുതൽ എതിർത്തത്. യുഡിഎഫിന്റെ അടുത്ത ഭരണത്തിലും ഈ പദ്ധതി വരരുതെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും, നിലവിൽ സർക്കാർ ഉപസമിതി രൂപീകരിച്ച് തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും മുനവ്വറലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു. ജനവികാരത്തിന് വിരുദ്ധമായ ഏതെങ്കിലും തീരുമാനം സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായാൽ യൂത്ത് ലീഗ് അപ്പോൾ തന്നെ ശക്തമായ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
