തൃശൂർ: കൈപമംഗലത്തുണ്ടായ വാഹനാപകടത്തിൽ ദേശീയപാത അതോറിറ്റിയുടെ (എൻ.എച്ച്.എ.ഐ) ഭാഗത്തുനിന്ന് വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. അമിതവേഗതയും അനധികൃത പാർക്കിംഗുമാണ് ദുരന്തത്തിന് കാരണമായത് എന്നും നിർമ്മാണ സ്ഥലത്ത് മതിയായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരുന്നുവെന്നും ദേശീയപാത അതോറിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. എന്നാൽ സംഭവത്തിൽ റോഡിന്റെ ഡിസൈൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാൻ ആവശ്യപ്പെടുമെന്ന് കെ.സി. വേണുഗോപാൽ എം.പി വ്യക്തമാക്കിയിട്ടുണ്ട്.
അപകടത്തിൽ മരിച്ച എട്ട് പേരുടെയും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. ഗുരുതരമായി പരിക്കേറ്റ ഇവർ എട്ടുപേരും അപകടസ്ഥലത്തുതന്നെ മരണപ്പെട്ടിരിക്കാമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഡിണ്ടിഗൽ പി.എസ്.എൻ.എ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. ഗുരുവായൂരിൽ നിന്നും കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്ന ഇവരുടെ കാർ അർദ്ധരാത്രിയോടെ റോഡരികിൽ നിന്നിരുന്ന ലോറിയിലിടിച്ചാണ് വൻ ദുരന്തം ഉണ്ടായത്.
