തിരുവനന്തപുരം: ഒരുവയസുകാരിയുടെ ശരീരത്തില്‍ നിന്ന് സൂചി കണ്ടെത്തിയതില്‍ കോട്ടയം മെഡിക്കല്‍ കോളേജിനെതിരായ പരാതിയില്‍ ഇടപെട്ട് മന്ത്രി ബിന്ദു കൃഷ്ണ. സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് നിര്‍ദേശം നല്‍കി. കുടുംബത്തിന്റെ പരാതിയിലാണ് നടപടി. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ സംഭവം അന്വേഷിക്കും. ചികിത്സയ്ക്കിടെയാണോ സൂചി കുട്ടിയുടെ ശരീരത്തില്‍ എത്തിയതെന്നാണ് പരിശോധിക്കുക. ആശുപത്രിയുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.

സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന സംഭവത്തില്‍ ആണ് കേസ്. കോട്ടയം എസ്പിയോടും ആശുപത്രി സൂപ്രണ്ടിനോടും ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

അതേസമയം സംഭവത്തില്‍ ചികിത്സാ പിഴവ് ഇല്ലെന്നാണ് കോട്ടയം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്കിടെ സൂചി കയറാന്‍ ഒരു സാധ്യതയുമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ റിപ്പോർട്ട് തള്ളി കുട്ടിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നായിരിക്കും അന്വേഷണ റിപ്പോർട്ട് എന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നുവെന്ന് കുട്ടിയുടെ പിതാവ് വിനീഷ് പറഞ്ഞു. എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ റിപ്പോർട്ട് സമർപ്പിച്ചത്. ആശുപത്രിയുടെ ഭാഗത്ത് നിന്നാണ് വീഴ്ച സംഭവിച്ചത് എന്നതിനുള്ള മുഴുവൻ തെളിവുകളും തങ്ങളുടെ പക്കൽ ഉണ്ടെന്നും വിനീഷ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *