ഡൽഹി: സത്യനികേതനിൽ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ഇതുവരെ 15 പേരെയെങ്കിലും സുരക്ഷിതമായി പുറത്തെടുത്തതായി ഡൽഹി സർവകലാശാല സ്റ്റുഡൻസ് യൂണിയൻ പ്രസിഡന്റ് ആര്യൻ മാൻ വ്യക്തമാക്കി. ഇതുവരെ ആരുടെയും മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ കെട്ടിട ഉടമയ്‌ക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തിട്ടുണ്ട്.
തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സത്യനികേതന് സമീപമുള്ള ‘ഹോട്ടൽ ഡെയ്സ്’ എന്ന അഞ്ചുനില ബോയ്സ് ഹോസ്റ്റൽ കെട്ടിടമാണ് തകർന്നു വീണത്. അപകടസമയത്ത് വിദ്യാർത്ഥികൾ ഉൾപ്പെടെ മുപ്പതോളം പേർ ഹോസ്റ്റലിൽ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിനുള്ളിൽ ഇനിയും എത്രപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
അപകടവിവരമറിഞ്ഞ് എൻ.ഡി.ആർ.എഫ്. സംഘവും 17 ആംബുലൻസുകളും സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതൽ എൻ.ഡി.ആർ.എഫ്. അംഗങ്ങളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തേക്ക് തിരിച്ചു. ഡൽഹി ലഫ്. ഗവർണർ തരൺജിത് സിംഗ് സന്ധു സാഹചര്യം വിലയിരുത്തുകയും രക്ഷാപ്രവർത്തനം വേഗത്തിൽ പുരോഗമിക്കുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തു. മുഖ്യമന്ത്രി രേഖ ഗുപ്തയും രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുന്നുണ്ടെന്ന് വ്യക്തമാക്കി. എന്നാൽ, അധികൃതർ വൈകിയെത്തിയെന്നും പ്രദേശവാസികളാണ് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയെന്നും ആരോപിച്ച് സി.ജെ.പി. നേതാവ് അഭിജിത് ദിപ്കെ രംഗത്തെത്തിയിട്ടുണ്ട്.
