തിരുവനന്തപുരം: പാലാ എംഎല്‍എ മാണി സി കാപ്പനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണം എന്നാവശ്യപ്പെട്ട് നിയമസഭാ സ്പീക്കര്‍ക്ക് കത്ത്. മുംബൈ മലയാളിയായ ദിനേശ് മേനോനാണ് പരാതി നല്‍കിയത്. മാണി സി കാപ്പന്റെ അയോഗ്യത ഉടന്‍ പ്രാബല്യത്തില്‍ വരുത്തണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

സാമ്പത്തിക കുറ്റകൃത്യത്തില്‍ മാണി സി കാപ്പന്‍ കുറ്റക്കാരന്‍ എന്ന് മജിസ്ട്രേറ്റ് കോടതി കണ്ടെത്തിയിരുന്നു. നാല് കേസുകളിലായി മൂന്നര വര്‍ഷം തടവും 5.30 കോടി രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ തടവുശിക്ഷ ലഭിച്ചാല്‍ ജനപ്രതിനിധി അയോഗ്യനാക്കപ്പെടുമെന്നാണ് പരാതിക്കാരന്റെ വാദം. മാണി സി കാപ്പന്‍ ശിക്ഷിക്കപ്പെട്ട കേസിലെ പരാതിക്കാരനാണ് ദിനേശ് മേനോന്‍.

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ദിനേശ് മേനോന്റെ പരാതിയിലടക്കം നാല് കേസുകളിൽ മുംബൈ ബോറിവലി മജിസ്‌ട്രേറ്റ് കോടതിയാണ് മാണി സി കാപ്പനെ ഒരുവര്‍ഷം തടവിന് ശിക്ഷിച്ചത്. വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കാപ്പനെതിരെ കോടതി ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു. മൂന്നുകോടിയിലധികം രൂപ മാണി സി കാപ്പന്‍ തട്ടിയെടുത്തുവെന്നാണ് കേസ്.

കഴിഞ്ഞ ദിവസം കോടതി ജാമ്യമില്ലാ വാറണ്ട് പിന്‍വലിച്ചത് മാണി സി കാപ്പന് ആശ്വാസമായിരിന്നു. കാപ്പന്‍ നേരിട്ട് കോടതിയില്‍ ഹാജരായി അപേക്ഷ നല്‍കിയതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ നടപടി. ശിക്ഷാ വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് മാണി സി കാപ്പന്റെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *