മെസ്സിയുടെ പേരിലുള്ള തട്ടിപ്പ് വാർത്താ സംപ്രേഷണം തടസ്സപ്പെടുത്തിയതായി അറിയില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അന്വേഷണത്തിന്റെ ഭാഗമായ ചാനലിലെ റെയ്ഡ് നിയമപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അവരുടെ ചാനലിൽ നിന്നാണ് താൻ വിവരമറിഞ്ഞത്. ഫോൺ പിടിച്ചെടുത്തത് അന്വേഷണത്തിൻ്റെ ഭാഗമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയ്ഡുകൾ എവിടെ നടത്തണമെന്നത് പൂർണ്ണമായും പൊലീസിന്റെ തീരുമാനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എന്നാൽ, വാർത്താസംപ്രേഷണം തടസ്സപ്പെടുത്തിയതായി അറിയില്ലെന്നും റെയ്ഡിന്റെ വിവരം താൻ അറിഞ്ഞത് ആ ചാനലിലൂടെ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് മാധ്യമസ്ഥാപനങ്ങൾക്കെതിരെ എത്രയോ നടപടികൾ ഉണ്ടായിട്ടുണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസിനെതിരെയുള്ള കേസുകളും റെയ്ഡുകളും അദ്ദേഹം ഓർമ്മിപ്പിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിന് മേൽ കൈകടത്തുന്നു എന്ന ആരോപണങ്ങളെ പ്രതിരോധിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
ഇതോടൊപ്പം മറ്റ് രാഷ്ട്രീയ വിവാദങ്ങളിലും മുഖ്യമന്ത്രി പ്രതികരിച്ചു. മാസപ്പടി കേസിൽ വീണയുടെ ഡയറിയിലെ കണക്കുകളുടെ കാര്യത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസും നൽകുന്നത് പരസ്പര വിരുദ്ധമായ വിശദീകരണങ്ങളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റായ ഇഡിയുടെ കത്ത് സർക്കാർ പരിശോധിച്ചു വരികയാണെന്നും, ഇതുസംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് നിലനിൽക്കുന്ന വൈദ്യുത പ്രതിസന്ധിയെക്കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അതിവേഗ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ഇതിനായി ദീർഘകാല, ഹ്രസ്വകാല കരാറുകൾക്കാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു
