ചെന്നൈ: 100 കോടി രൂപയുടെ കോഴക്കേസുമായി ബന്ധപ്പെട്ട് ഡി.എം.കെ നേതാവും തമിഴ്‌നാട് മുൻ വിദ്യാഭ്യാസ മന്ത്രിയുമായ അൻപിൽ മഹേഷിന്റെ വീടുകളിൽ തമിഴ്‌നാട് പോലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച് റെയ്ഡ്. ചെന്നൈയിലെയും തിരുച്ചിറപ്പള്ളിയിലെയും വസതികളിലാണ് സി.സി.ബി സംഘം പരിശോധന നടത്തുന്നത്. സ്വകാര്യ സ്കൂൾ ലൈസൻസുകൾ അനുവദിക്കുന്നതിനായി 100 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ ജൂണിൽ ഡി.എം.കെ നേതാവ് അരസ്കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടരന്വേഷണ ഭാഗമായാണ് നടപടി.

അൻപിൽ മഹേഷിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി സി.സി.ബി വൃത്തങ്ങൾ അറിയിച്ചു. ഉദയനിധി സ്റ്റാലിന്റെ അടുത്ത അനുയായിയായ അൻപിൽ മഹേഷിനെ തിരുച്ചി ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ഡി.എം.കെ സ്ഥാനാർത്ഥിയായി പരിഗണിച്ചുവരുന്നതിനിടെയാണ് ഈ നടപടി.

അതേസമയം, സി.സി.ബി നടപടിയെ ശക്തമായി അപലപിച്ച് ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ രംഗത്തെത്തി. വിജയ് സർക്കാരിന്റെ ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള രാഷ്ട്രീയ വേട്ടയാടലാണ് റെയ്ഡെന്ന് അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *