കല്പറ്റ: അബ്കാരി കേസിൽ റിപ്പോർട്ടർ ടിവി എം.ഡി ആൻ്റോ അഗസ്റ്റിനെ എക്സൈസ് ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിനോട് ആൻ്റോ അഗസ്റ്റിൻ സഹകരിക്കുന്നുണ്ടെന്ന് എക്സൈസ് സംഘം അറിയിച്ചു. മദ്യവുമായി ബന്ധപ്പെട്ട ചോദ്യത്തോട് അറിയില്ലെന്നാണ് ആൻ്റോയുടെ മറുപടി. വീട് ആന്റോയുടെ പേരിൽ ആണെന്ന് തെളിയിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം. ആൻ്റോയുടെ കസ്റ്റഡി കാലാവസ്ഥി ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിക്ക് അവസാനിക്കും.
കസ്റ്റഡിയിലിരിക്കെ വാഴവറ്റയിലെ വീട്ടിലെത്തിച്ച് നാല് മണിക്കൂറോളം തെളിവെടുപ്പ് നടത്തിയെങ്കിലും വീടിന്റെ ഉടമസ്ഥാവകാശം ആന്റോ നിഷേധിക്കുകയായിരുന്നു. കെട്ടിടത്തിലെ മുറികളെക്കുറിച്ചോ മദ്യം എത്തിച്ചതിനെക്കുറിച്ചോ തനിക്ക് അറിവില്ലെന്നാണ് അന്വേഷണസംഘത്തോട് വ്യക്തമാക്കിയത്. എന്നാൽ, കെട്ടിടം ആന്റോയുടേത് തന്നെയെന്ന് തെളിയിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിലാണ് എക്സൈസ് മുന്നോട്ട് പോകുന്നത്.
പിടിച്ചെടുത്ത മദ്യത്തിന്റെ ഉറവിടം, മറ്റാർക്കെങ്കിലും ഇതിൽ പങ്കുണ്ടോ, വ്യാജമദ്യ നിർമാണത്തിനുള്ള പദാർത്ഥങ്ങൾ എവിടെനിന്ന് ലഭിച്ചു തുടങ്ങിയ കാര്യങ്ങളാണ് എക്സൈസ് പ്രധാനമായും അന്വേഷിക്കുന്നത്. മദ്യം പിടിച്ചെടുത്ത രണ്ടാം നിലയിൽ സമാന്തര ബാർ സംവിധാനം ഒരുക്കിയതാണോ എന്നും സംശയമുണ്ട്.
