സാമ്പത്തിക ഉപരോധത്തിന്റെ ഭാഗമായി ഇറാന്റെ വ്യോമഗതാഗതം പൂര്‍ണമായി ഇല്ലാതാക്കാനുള്ള അമേരിക്കന്‍ നടപടിക്ക് ഇന്ന് തുടക്കം.ഇറാനിലെ എല്ലാ വിമാനക്കമ്പനികളുടെയും രാജ്യാന്തര സര്‍വീസുകള്‍ പൂര്‍ണ്ണമായി തടസ്സപ്പെടുത്തുന്ന നടപടിക്കാണ് ഇന്ന് മുതല്‍ തുടക്കമാകുന്നത് . അമേരിക്കന്‍ ട്രഷറി വിഭാഗം പ്രഖ്യാപിച്ച കടുത്ത ഉപരോധം നിലവില്‍ വന്നാല്‍ ഇറാന്റെ വാണിജ്യ വിമാനക്കമ്പനികള്‍ ആഗോള തലത്തില്‍ ഒറ്റപ്പെടും. എന്താണ് ഇറാനെതിരായ അമേരിക്കയുടെ ആകാശ ഉപരോധം? വിശദമായി അറിയാം.
ആഗോള വ്യോമയാന മേഖലയില്‍ സമാനതകളില്ലാത്തൊരു പ്രതിസന്ധിയാണ് ഇന്ന് മുതല്‍ സംഭവിക്കാന്‍ പോകുന്നത്. യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് നടപ്പിലാക്കുന്ന ഏറ്റവും കടുത്ത ഉപരോധ നടപടികളുടെ ഭാ?ഗമായി, ഇറാന്റെ വാണിജ്യ വിമാനക്കമ്പനികള്‍ ആഗോള തലത്തില്‍ പൂര്‍ണമായും ഒറ്റപ്പെടുന്ന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. യു.എസിന്റെ ‘ഓപ്പറേഷന്‍ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ എന്ന സാമ്പത്തിക സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമായാണ് ഈ ആകാശ ഉപരോധം.
എന്താണ് പുതിയ ഉപരോധം
ലോകത്തെവിടെയും ഇറാനിയന്‍ വിമാനങ്ങള്‍ക്ക് ഒരു സേവനവും ലഭിക്കില്ലെന്നാണ് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സെന്റ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഉപരോധത്തിന്റെ ഭാ?ഗമായി ഇറാനിയന്‍ വിമാനങ്ങള്‍ക്ക് ഇന്ധനമോ, ലാന്‍ഡിങ് അനുമതിയോ ലഭിക്കില്ല. ഇതിനുപുറമെ ഈ വിമാനങ്ങളിലേക്കുള്ള ടിക്കറ്റ് വില്‍പനയും നടക്കില്ല.
യുഎസ് ഉപരോധം മറികടന്നാല്‍?
അമേരിക്കയുടെ ഉപരോധം മറികടന്ന് ഇറാനിയന്‍ വിമാനങ്ങള്‍ക്ക് ഇന്ധനം, ഗ്രൗണ്ട് സപ്പോര്‍ട്ട്, ടിക്കറ്റിംഗ് സൗകര്യങ്ങള്‍ എന്നിവ നല്‍കുന്ന ഏതൊരു വിദേശ കമ്പനിയും അമേരിക്കന്‍ ഡോളര്‍ ഇടപാടുകളില്‍ നിന്ന് പൂര്‍ണ്ണമായി വിലക്കും. യു.എസ് ഡോളര്‍ അധിഷ്ഠിത സാമ്പത്തിക വ്യവസ്ഥയില്‍ നിന്ന് പുറത്താകുന്നത് വലിയ നഷ്ടമുണ്ടാക്കുമെന്നതിനാല്‍, രാജ്യാന്തര വിമാനത്താവളങ്ങളും മറ്റ് കമ്പനികളും ഇറാന്‍ വിമാനങ്ങള്‍ക്കുള്ള സേവനങ്ങള്‍ പൂര്‍ണ്ണമായി നിര്‍ത്തലാക്കും.
എന്താണ് ഉപരോധത്തിന്റെ അനന്തരഫലം?
ഇറാനിലേക്ക് യാത്ര ചെയ്യുന്നവരും അവിടെ നിന്ന് മടങ്ങുന്നവരുമായ യാത്രക്കാരാണ് കടുത്ത പ്രതിസന്ധിക്ക് ഇരയാക്കപ്പെടുക. നേരിട്ടുള്ള സര്‍വീസുകള്‍ ലഭിക്കാതെ വന്നാല്‍ ഭൂരിഭാഗം പേരും ദുബായ് പോലുള്ള മറ്റ് രാജ്യങ്ങളിലെ കണക്റ്റിംഗ് ഫ്‌ലൈറ്റുകളെ ആശ്രയിക്കേണ്ടി വരും. ഇറാഖ്, തുര്‍ക്കി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇറാനിയന്‍ വിമാനങ്ങള്‍ക്കുള്ള അനുമതി ഇതിനകം തന്നെ റദ്ദാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ യൂറോപ്പിലേക്കുള്ള ഇറാന്‍ വിമാനങ്ങളുടെ സര്‍വീസുകള്‍ ഇപ്പോള്‍ പൂര്‍ണ്ണമായി നിലച്ച മട്ടാണ്. വൈകാതെ ഇറാന്റെ ചരക്ക് നീക്കത്തെയും വാണിജ്യ ബന്ധങ്ങളെയും ഇത് നിശ്ചലമാക്കും.
വിലക്ക് നേരിടുന്ന വിമാനക്കമ്പനികള്‍
ഇറാന്‍ എയര്‍, ഇറാന്‍ അസെമാന്‍ എയര്‍ലൈന്‍സ്, ഖെഷ്ം എയര്‍, സാഗ്രോസ്, മഹാന്‍ എയര്‍ എന്നിവയുള്‍പ്പെടെ 27 ഇറാനിയന്‍ വിമാനക്കമ്പനികള്‍ക്കാണ് അമേരിക്കന്‍ ഓഫീസ് ഓഫ് ഫോറിന്‍ അസറ്റ്‌സ് കണ്‍ട്രോള്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഉപരോധത്തിന്റെ ലക്ഷ്യം?
ഇറാന്റെ സാമ്പത്തിക സ്രോതസ്സുകള്‍ പൂര്‍ണമായും അടയ്ക്കുക എന്ന ലക്ഷ്യത്തോടെ ഓഗസ്റ്റ് മാസത്തിലാണ് യുഎസ് ട്രഷറി ‘ഓപ്പറേഷന്‍ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ ആരംഭിച്ചത്. ഇതിന്റെ ഭാ?ഗമായാണ് ഉപരോധം വ്യോമയാന മേഖലയിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. വ്യോമയാന മേഖലയ്ക്ക് പുറമെ ഇറാന്റെ ഷിപ്പിങ്, സാങ്കേതികവിദ്യ, സ്വര്‍ണം, ഡിജിറ്റല്‍ അസറ്റുകള്‍, ക്രിപ്‌റ്റോകറന്‍സി തുടങ്ങി മേഖലകളെയും അമേരിക്ക ലക്ഷ്യമിടുന്നുണ്ട്.
ചൈനയുടെ നിലപാട്
യുഎസിന്റെ പുതിയ നീക്കത്തില്‍ ഏറ്റവും നിര്‍ണായകമാകാന്‍ പോകുന്നത് ചൈനയുടെ നിലപാടാണ്. ഇറാനുമായി അടുത്ത സാമ്പത്തിക ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ് ചൈന. ഉപരോധ വ്യവസ്ഥകള്‍ പാലിക്കുന്നതിനായി ചൈനീസ് സാമ്പത്തിക ഉദ്യോഗസ്ഥര്‍ യുഎസുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈന ഉപരോധത്തോട് പൂര്‍ണമായി സഹകരിച്ചാല്‍ ഇറാനിയന്‍ വ്യോമയാന മേഖല പൂര്‍ണമായും ഒറ്റപ്പെടും.
