ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം പ്രഖ്യാപിച്ച് സിജെപി. ഒക്ടോബര്‍ രണ്ടിന് മുംബൈയിലാണ് പ്രതിഷേധം. മുംബൈയ്ക്ക് പിന്നാലെ പ്രതിഷേധം മറ്റ് നഗരങ്ങളിലേക്ക് വ്യാപിക്കാനാണ് തീരുമാനം. ഗാന്ധി ജയന്തി ദിനത്തില്‍ ജനാധിപത്യത്തെ സംരക്ഷിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാമെന്ന് അഭിജിത് ദീപ്‌കെ പറഞ്ഞു. ഗ്യാനേഷ് കുമാറിന് കോക്രോച്ച് ജനത പാര്‍ട്ടി നല്‍കിയ അന്ത്യശാസന നാളെ അവസാനിക്കും.
അതേസമയം, ഗ്യാനേഷ് കുമാറിനെതിരെ പ്രക്ഷോഭം കടുപ്പിക്കാന്‍ പ്രതിപക്ഷം നീക്കങ്ങള്‍ കടുപ്പിക്കുകയാണ്. വീണ്ടും ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാന്‍ കോണ്‍ഗ്രസ് മറ്റ് പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ സജീവമാക്കി. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ആരംഭിച്ചു.
ഗ്യാനേഷ് കുമാര്‍ പ്രതിരോധത്തിലാണെന്ന സൂചനകള്‍ പുറത്തുവരുന്നതിനിടയിലാണ് പ്രതിപക്ഷം പ്രത്യക്ഷമായി തെരുവിലിറങ്ങിയും നിയമപരമായും കരുനീക്കം ശക്തമാക്കുന്നത്. വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് ഗ്യാനേഷ് കുമാറിനെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഇംപീച്ച്‌മെന്റ് പ്രമേയങ്ങള്‍ സ്പീക്കര്‍ തള്ളിയ പശ്ചാത്തലത്തിലാണ് കൂടുതല്‍ എംപിമാരുമായി ചര്‍ച്ചകള്‍ സജീവമാക്കിയത്. ഒരാഴ്ചയ്ക്കകം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ലോക്സഭയിലും രാജ്യസഭയിലും വീണ്ടും നോട്ടീസുകള്‍ നല്‍കും. കോണ്‍ഗ്രസ് പിസിസികളുടെ നേതൃത്വത്തില്‍ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഇടത് പാര്‍ട്ടികളും വിദ്യാര്‍ത്ഥി സംഘടനകളും നാളെ മുതല്‍ പ്രതിഷേധം കടുപ്പിക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഗ്യാനേഷ് കുമാര്‍ 24 മണിക്കൂറിനകം രാജിവച്ചില്ലെങ്കില്‍ ഗാന്ധി ജയന്തി ദിനത്തില്‍ മുംബൈയില്‍ പ്രതിഷേധം ആരംഭിക്കുമെന്ന് കോക്രോച്ച് ജനത പാര്‍ട്ടി പ്രഖ്യാപിച്ചു. അതിനിടെ പ്രതിഷേധങ്ങള്‍ ഭയന്ന് ഇന്നും തിങ്കളാഴ്ചയും ഉത്തര്‍പ്രദേശിലെ മീററ്റ്, വാരാണസി കേന്ദ്രീകരിച്ച് നടത്താനിരുന്ന പരിപാടികളില്‍ നിന്ന് ഗ്യാനേഷ് കുമാര്‍ പിന്‍വാങ്ങി.
