ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിലൂടെ കഞ്ചാവ് വില്‍പ്പന നടത്തിയ കേസില്‍ നാലു പേര്‍ കൂടി അറസ്റ്റില്‍. മധ്യപ്രദേശിലും ആന്ധ്രപ്രദേശിലും ഓണ്‍ലൈനായി കഞ്ചാവ് വില്‍പ്പനനടത്തിയ നാലു പേരെയാണ് വിശാഖപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലിതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്.

മധ്യപ്രദേശ് പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിശാഖ പട്ടണത്ത് നിന്നും നാല് പേരെ കൂടി അറസ്റ്റ് ചെയ്തത്. ആകെ 68 കിലോ കഞ്ചാവാണ് കേസില്‍ ഇതുവരെ പിടികൂടിയത്. ഇതില്‍ 48 കിലോ കഞ്ചാവും പിടികൂടിയത് വിശാഖ പട്ടണത്തു നിന്നും അറസ്റ്റിലായ പ്രതികളില്‍ മൂന്ന് പേരില്‍ നിന്നാണ്. നവംബര്‍ 13 ന് ഭിന്ദ് പൊലീസ് ആണ് ബാക്കി 20 കിലോ കഞ്ചാവും കണ്ടെടുത്തത്.

അതേസമയം പ്രതികള്‍ ഇതുവരെ 800 കിലോയിലധികം കഞ്ചാവ് ആമസോണിലൂടെ വില്‍പ്പന നടത്തിയെന്നാണ് അന്വേഷണ സംഘം പറയുന്നത്. അന്വേഷണവുമായി ആമസോണ്‍ സഹകരിക്കാത്തതിനാല്‍ എന്‍ഡിപിഎസ് ആക്ടിനു കീഴില്‍ സെക്ഷന്‍ 38 പ്രകാരം കേസ് ആമസോണ്‍ സെല്ലര്‍ സര്‍വീസ് എക്‌സിക്യൂട്ടീവിനെതിരെയും കേസെടുത്തിട്ടുണ്ടെന്ന് ഭിന്ദ് പൊലീസ് അറിയിച്ചു. കറിവേപ്പിലയെന്ന വ്യാജേനയാണ് റാക്കറ്റ് കഞ്ചാവ് കടത്തിയതെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *