കൊല്ലം: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് വി. മുരളീധരൻ കാര്യങ്ങൾ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ടെന്നും, തങ്ങളുടെ പാർട്ടിയിൽ ഇതുസംബന്ധിച്ച് വിവാദങ്ങൾ ഉണ്ടാക്കാൻ ആരും ശ്രമിക്കേണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

കോൺഗ്രസും സിപിഎമ്മുമാണ് ഇത്തരം കാര്യങ്ങളിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നത്. പിണറായി വിജയൻ ജയിലിൽ പോകണമെന്ന് മുൻപ് പ്രസംഗിച്ച രാഹുൽ ഗാന്ധി ഇപ്പോൾ മലക്കംമറിഞ്ഞിരിക്കുകയാണ്. എസ്‌.ഐ.ആർ വിഷയത്തിൽ രാഹുൽ ഗാന്ധിക്കും സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കും രണ്ട് അഭിപ്രായമാണുള്ളത്. രാഹുൽ ഗാന്ധി വലിയൊരു തട്ടിപ്പുകാരനാണെന്നും, എസ്‌.ഐ.ആർ വഴിയാണ് തങ്ങളെ തോൽപ്പിക്കുന്നത് എന്നാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ പുതിയ വാദമെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. എന്നാൽ, ജനങ്ങൾ കോൺഗ്രസിനെ തോൽപ്പിക്കുന്നത് അവരുടെ അഴിമതിയും വികസന മുരടിപ്പും കാരണമാണെന്നും അദ്ദേഹം തുറന്നടിച്ചു.

എസ്‌.ഐ.ആർ സംവിധാനം രാജ്യത്തെ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ രാഹുൽ ഗാന്ധി വർഷങ്ങളായി അടിസ്ഥാനരഹിതമായ പ്രസ്താവനകളുമായി നടക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷനിലെ അഭിപ്രായവ്യത്യാസങ്ങൾ വീഴ്ചയായി കാണാനാകില്ലെന്നും, മറിച്ച് അതൊരു ആരോഗ്യകരമായ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് കമ്മീഷണർമാർ ചർച്ച ചെയ്യുമ്പോൾ സ്വാഭാവികമായും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുമെന്നും, അത് മുന്നിൽ നിർത്തി കമ്മീഷനിൽ എന്തോ വലിയ പ്രശ്നമുണ്ടെന്ന തരത്തിലുള്ള സിദ്ധാന്തങ്ങൾ ഉണ്ടാക്കുന്നതിൽ അർത്ഥമില്ലെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ വി ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ രാഷ്ട്രീയ നീക്കങ്ങളെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *