കൊച്ചി: കേരള പൊലീസ് സംഘടനാ പുനക്രമീകരണത്തില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി. പൊലീസ് സംഘടനാ പുനഃക്രമീകരണം ഹൈക്കോടതി റദ്ദാക്കി. സംഘടനാ പ്രവര്‍ത്തനം തുടരാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അവകാശമുണ്ടെന്ന് നിരീക്ഷിച്ചാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്. സംഘടന രൂപീകരിക്കുന്നതില്‍ മാത്രമല്ല അവകാശം. സംഘടനാ പ്രവര്‍ത്തനം ഭരണഘടനാ അവകാശമാണ്. അംഗീകാരമുള്ള സംഘടനകള്‍ ആയാണ് പൊലീസ് സംഘടനകളുടെ പ്രവര്‍ത്തനമെന്നുമാണ് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം.
പൊലീസ് സംഘടനകള്‍ പിരിച്ചുവിട്ട് അഡ്ഹോക് കമ്മിറ്റി രൂപീകരിച്ച ഉത്തരവും ഹൈക്കോടതി റദ്ദാക്കി. കേരള പൊലീസ് അസോസിയേഷനും കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും നല്കിയ ഹര്‍ജികള്‍ അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി. പൊലീസ് സോസിയേഷനുകള്‍ പുനഃസംഘടിപ്പിക്കാനോ നിര്‍ത്തലാക്കാനോ സര്‍ക്കാരിന് അധികാരമില്ല എന്നുമാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
പൊലീസ് സംഘടനാ ക്രമീകരണത്തെ അനുകൂലിച്ച് അഡ്ഹോക് കമ്മിറ്റിയംഗം ജിആര്‍ അജിത് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി നിലനില്‍ക്കില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ നടപടി. പൊലീസിലെ സംഘടനാ പ്രവര്‍ത്തനം ഭരണഘടനാ അവകാശമല്ലെന്നും സര്‍ക്കാരിന്റെ ഔദാര്യമാണ് എന്നുമുള്ള ജിആര്‍ അജിത്തിന്റെ വാദം ഹൈക്കോടതി തള്ളി.
