കൊച്ചി: 2026-27 ഇന്ത്യൻ സൂപ്പർ ലീഗ് സീസണ് മുന്നോടിയായി ഇന്ത്യൻ ദേശീയ ടീം ഗോൾകീപ്പർ അമരീന്ദർ സിംഗ്, മിഡ്ഫീൽഡർ മുഹമ്മദ് യാസിർ എന്നിവരെ ടീമിലെത്തിച്ചതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അറിയിച്ചു. നിലവിൽ ചെന്നൈയിൽ നടക്കുന്ന ടീമിന്റെ പ്രീസീസൺ ക്യാമ്പിൽ ചേർന്ന ഇരുവരും സഹതാരങ്ങൾക്കൊപ്പം പരിശീലനം തുടങ്ങിക്കഴിഞ്ഞു. 2026-27 സീസണിന്റെ അവസാനം വരെയാണ് ഇരുവർക്കും ക്ലബ്ബുമായി കരാറുള്ളത്.
ഒഡീഷ എഫ്സിയിൽ നിന്നാണ് 33കാരനായ ഗോൾകീപ്പർ അമരീന്ദർ സിംഗ് ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. ഐഎസ്എല്ലിലും ഇന്ത്യൻ ഫുട്ബോളിലും നീണ്ട വർഷത്തെ പരിചയസമ്പത്തുള്ള അമരീന്ദർ മുംബൈ സിറ്റി എഫ്സി, ബെംഗളൂരു എഫ്സി, മോഹൻ ബഗാൻ, ഒഡീഷ എഫ്സി എന്നീ ടീമുകൾക്കായും ഇന്ത്യൻ സീനിയർ ടീമിനായും കളിച്ചിട്ടുണ്ട്. ആഭ്യന്തര, അന്താരാഷ്ട്ര തലങ്ങളിൽ കിരീടങ്ങൾ നേടിയ ടീമുകളുടെ ഭാഗമായിരുന്ന താരം, സമ്മർദ്ദഘട്ടങ്ങളിൽ കാത്തുസൂക്ഷിക്കുന്ന ശാന്തതയും കൃത്യമായ പൊസിഷനിംഗും കൊണ്ടാണ് ശ്രദ്ധേയനായത്. അമരീന്ദറിന്റെ സാന്നിധ്യം ടീമിന്റെ ഗോൾകീപ്പിംഗ് നിരയ്ക്ക് വലിയ കരുത്താകും.
എഫ്സി ഗോവയിൽ നിന്നാണ് മുഹമ്മദ് യാസിർ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുന്നത്. വിംഗുകളിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാൻ മികവുള്ള താരം 2017-18 സീസൺ മുതൽ ഐഎസ്എല്ലിൽ സജീവമാണ്. നേരത്തെ എഫ്സി പൂനെ സിറ്റി, ഹൈദരാബാദ് എഫ്സി, എഫ്സി ഗോവ എന്നീ ക്ലബ്ബുകൾക്കായി ബൂട്ടണിഞ്ഞ യാസിർ 2021 ൽ ഇന്ത്യൻ സീനിയർ ടീമിലും അരങ്ങേറ്റം കുറിച്ചു. പന്തുമായി മുന്നേറാനും കൃത്യമായ പാസുകളിലൂടെ അവസരങ്ങൾ തുറന്നെടുക്കാനും മിടുക്കനായ താരം ടീമിന്റെ അറ്റാക്കിംഗ് നിരയ്ക്ക് പുതിയ വേഗതയും വൈവിധ്യവും നൽകും.
പുതിയ സീസണായി ഒരുങ്ങുന്ന ബ്ലാസ്റ്റേഴ്സ് നിരയ്ക്ക് അമരീന്ദറിന്റെയും യാസിറിന്റെയും വരവ് വലിയ മുതൽക്കൂട്ടാണ്. ആദ്യ മത്സരത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകൾക്കായി ഇരുവരും ചെന്നൈയിലെ പ്രീ-സീസൺ ക്യാമ്പിൽ തുടരും.
