തിരുവനന്തപുരം: സി.എം.ആർ.എൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം. ഇതിന്റെ ഭാഗമായി മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഹസൻ വാരിസ് ഉൾപ്പെടെയുള്ളവർക്കാണ് എസ്‌.ഐ.ടി നോട്ടീസ് നൽകിയിരിക്കുന്നത്. സുഹൃത്തുക്കളുടെ മൊഴിയെടുത്ത ശേഷമായിരിക്കും മുഹമ്മദ് റിയാസിനെ ചോദ്യം ചെയ്യുക.

രേഖകളുടെ പരിശോധന പൂർത്തിയാക്കിയാൽ ഉടൻ ഇ.ഡിക്ക് മൊഴി നൽകിയവരിൽ നിന്ന് വിശദാംശങ്ങൾ തേടുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഹസൻ വാരിസ്, നിഖിൽ തുടങ്ങിയ റിയാസിന്റെ സുഹൃത്തുക്കളെയാണ് ആദ്യം ചോദ്യം ചെയ്യുന്നത്. പിണറായി വിജയൻ, മകൾ വീണ വിജയൻ, മുഹമ്മദ് റിയാസ് എന്നിവരിൽ നിന്നും വരും ദിവസങ്ങളിൽ മൊഴി രേഖപ്പെടുത്തും.

ഇ.ഡിയുടെ കത്തിൽ പറയുന്ന മുഴുവൻ കാര്യങ്ങളും പ്രാഥമിക അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പിണറായി വിജയൻ, മുഹമ്മദ് റിയാസ്, ടി. വീണ എന്നിവർക്കെതിരായ ഇ.ഡിയുടെ എല്ലാ കണ്ടെത്തലുകളും അന്വേഷണത്തിന്റെ ഭാഗമാകും. മാസപ്പടി കേസിൽ ഇവർ മൂന്നുപേരും ഉൾപ്പെട്ട എല്ലാ ആരോപണങ്ങളും മൊഴികളും ക്രൈംബ്രാഞ്ച് സംഘം ശേഖരിക്കും. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *