ന്യൂഡല്‍ഹി: മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. സര്‍ക്കാര്‍ പ്രവര്‍ത്തനത്തില്‍ കൂടിയാലോചന വേണമെന്നാണ് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞത്. അടൂര്‍ പ്രകാശിന്റെ പരാതിക്ക് പരിഹാരം ഉണ്ടാകണം. നേതാക്കള്‍ എല്ലാവരും പ്രശ്‌ന പരിഹാരത്തിനായി ഇടപെടുന്നുണ്ട്. പാര്‍ട്ടിയാണ് ആദ്യമെന്നും പിന്നെയാണ് രാഷ്ട്രീയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ പ്രവര്‍ത്തനത്തില്‍ തിരുത്ത് വേണം എന്നാണ് എല്ലാവരും പറയുന്നത്. അടൂര്‍ പ്രകാശ് കള്ളം പറയില്ലെന്നും കഴമ്പുള്ള പരാതി ആണെന്നാണ് വിശ്വാസം എന്നും സുധാകരന്‍ വിശദീകരിച്ചു. സംസ്ഥാന തലത്തിലെ പ്രധാന നേതാവാണ് അടൂര്‍ പ്രകാശെന്ന് പറഞ്ഞ മുന്‍ കെപിസിസി അധ്യക്ഷന്‍ സര്‍ക്കാര്‍ പ്രവര്‍ത്തനത്തില്‍ കൂടിയാലോചന വേണമെന്ന് തന്നെയാണ് അഭിപ്രായമെന്ന് ആവര്‍ത്തിച്ചു.

യുഡിഎഫ് ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി വി ഡി സതീശന്‍ കൂടിയാലോചന നടത്തുന്നില്ലെന്ന വിമര്‍ശനവുമായി അടൂര്‍ പ്രകാശ് നേരത്തെ രംഗത്തെത്തിയിരുന്നു. വി ഡി സതീശനെതിരായ വിമര്‍ശനം അനുഭവത്തിന്റെ വെളിച്ചത്തിലുള്ളതാണെന്നായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞത്. വിഷയത്തില്‍ ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കണ്ട് അദ്ദേഹം നേരിട്ട് പരാതി നല്‍കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *