തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനത്ത് നിന്നുള്ള രാജി വച്ചെന്നുള്ള വിവാദങ്ങൾക്ക് വിശദീകരണവുമായി ആർ. ശ്രീലേഖ രംഗത്ത്. താൻ ആജീവനാന്തം ബിജെപി അംഗമായി തുടരുമെന്ന് ആര്‍. ശ്രീലേഖ പറഞ്ഞു. താൻ പാർട്ടിയിൽ നിന്ന് രാജി വച്ചിട്ടില്ല. മേയർ ആകാത്തത് മൂലമാണ് രാജി എന്നത് ഒമ്പത് മാസത്തിന് ശേഷവും പറഞ്ഞിട്ട് കാര്യമുണ്ടോയെന്നും അവർ ചോദിച്ചു.

ബിജെപി അംഗത്വം എടുത്തത് മുതൽ മാധ്യമങ്ങൾ ചൊറിയുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ഒരുപാട് നേരിട്ടു. താൻ കൂടി ഉൾപ്പെട്ട സമിതിയാണ് മേയറെയും ഡെപ്യൂട്ടി മേയറെയും തെരഞ്ഞെടുത്തത്. താനൊരു മോദി ഭക്തയാണ്. മറ്റൊരു പാർട്ടിയിലേക്കും പോകില്ല. മരിക്കുംവരെ ബിജെപിയിൽ തുടരുമെന്നും ശ്രീലേഖ വ്യക്തമാക്കി.

കൗൺസിലർ എന്ന നിലയിൽ വലിയ സമ്മർദത്തിലൂടെയാണ് പോയിരുന്നത്. ഞായറാഴ്ച പോലും വിശ്രമം ഉണ്ടായിരുന്നില്ല. ഒരു പരിധി കഴിയുമ്പോൾ നമ്മൾക്കിത് പറ്റില്ലെന്നു തോന്നും. ഒരുപാട് പ്രശ്നങ്ങൾ ശാസ്തമംഗലം വാർഡിൽ ഉണ്ടായിട്ടുണ്ട്. ഡിജിപി ആയിരുന്ന വ്യക്തിയോട് കോൺസ്റ്റബിളിൻ്റെ ജോലി ചെയ്യാൻ പറയുമ്പോൾ ബുദ്ധിമുട്ടുണ്ടാകുമെന്നും അവർ പറഞ്ഞു.

പ്രയാസങ്ങൾ മാറ്റിനിർത്തിയാണ് കൗൺസിലറുടെ ജോലി ചെയ്യുന്നത്. ഞായറാഴ്ച പോലും അവധി ഇല്ലാതെ ജോലി ചെയ്യുന്നു. എന്തെങ്കിലും കാലതാമസം ഉണ്ടായാൽ ശാസ്തമംഗലത്തെ ചിലർ വാട്സാപ്പിലൂടെ മോശമായി എഴുതും. എന്തിനാണ് ഇങ്ങനെയൊരു കൗൺസിലർ എന്ന് ചോദിക്കുമെന്നും അവർ പറഞ്ഞു. പറയുന്ന സമയത്ത് ചെയ്തു കൊടുത്തിട്ടില്ലെങ്കിൽ പരാതി. അങ്ങനെ വിഷമം വന്നപ്പോഴാണ് മേയർക്ക് മെസേജ് അയച്ചതെന്നും ശ്രീലേഖ വ്യക്തമാക്കി. നിരന്തരം ജോലി ചെയ്തതോടെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി. രണ്ടുമാസം ലീവ് എടുക്കാൻ ഡോക്ടർ നിർദേശിച്ചിരുന്നുവെന്നും അവർ പറഞ്ഞു. അതുകൊണ്ടാണ് തൽക്കാലം ഒരു പ്രവർത്തകയായി മാത്രം തുടരാൻ ആഗ്രഹിച്ചതെന്നും ശ്രീലേഖ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *