തൃശൂര്‍: വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയില്‍. കുന്നംകുളം പോര്‍ക്കളങ്ങാട് സ്വദേശി ഡാനിയേലിനെയാണ് (23) പോലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന തൂഫാന്‍ സ്‌ട്രൈക്ക് റെയ്ഡിനിടയിലാണ് പ്രതി പിടിയിലായത്.
കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ രോഹിതും ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് (ഡാന്‍സാഫ്) ടീമും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. വന്‍തോതില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് പിടിയിലായ ഡാനിയേല്‍ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് നിയമപ്രകാരമുള്ള കര്‍ശന നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മയക്കുമരുന്ന് എവിടെ നിന്നാണ് എത്തിച്ചതെന്നടക്കമുള്ള കാര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
