അടിമാലി: ഇടുക്കി പാംബ്ല ചെക്ക്പോസ്റ്റിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശി നിത്യയുടേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ പെൺകുട്ടിയുടെ ആൺസുഹൃത്തായ രാജാക്കാട് ഖജനപാറ സ്വദേശി നിഷാന്തിനെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്.
വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതി നിത്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കുന്നതിനായി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. തുടർന്ന് മരണം പൂർണ്ണമായും ഉറപ്പാക്കുന്നതിനായി മുഖത്ത് കല്ലുകൊണ്ട് ഇടിച്ചതായും പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
ഒക്ടോബർ 14-നാണ് ഡാമിന് സമീപമുള്ള ഒഴിഞ്ഞ പ്രദേശത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച (ഒക്ടോബർ 14) ഉച്ചയോടെ ഇതുവഴി കടന്നുപോയ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. കണ്ടെത്തുമ്പോൾ മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ടായിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലും കാണാതായവരുടെ വിവരങ്ങൾ ശേഖരിച്ചതിലൂടെയുമാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്.
